ദുബൈയിലെ മാളുകളിലും കഫേകളിലും ഇനി വെറുതെ പാട്ട് വെക്കാനാകില്ല; വാണിജ്യ സ്ഥാപനങ്ങൾക്ക് പുതിയ ലൈസൻസ് നിർബന്ധം

ദുബൈ: ദുബൈയിലെ കഫേകൾ, റെസ്റ്റോറന്റുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളിൽ പാട്ട് വെക്കുന്നതിന് പുതിയ ലൈസൻസ് സംവിധാനം വരുന്നു. യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രാലയം പ്രഖ്യാപിച്ച പുതിയ ഫീസ് നിരക്കുകൾ ഈ വർഷം ഡിസംബർ മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ വാണിജ്യ ആവശ്യങ്ങൾക്കും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുമായി സംഗീതം ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ നിർബന്ധമായും ഫീസ് നൽകി ലൈസൻസ് എടുക്കേണ്ടി വരും.
ഹോട്ടലുകൾ, ഫിറ്റ്‌നസ് സെന്ററുകൾ, എയർലൈനുകൾ, റേഡിയോ-ടിവി ചാനലുകൾ, മ്യൂസിക് കൺസെർട്ടുകൾ തുടങ്ങി സംഗീതം ഉപയോഗിക്കുന്ന എല്ലാ പൊതു പരിപാടികൾക്കും ഈ ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ സ്ഥാപനത്തിന്റെയും വലുപ്പവും അവിടെ ഉപയോഗിക്കുന്ന സംഗീതത്തിന്റെ സ്വഭാവവും അടിസ്ഥാനമാക്കിയായിരിക്കും ഫീസ് നിശ്ചയിക്കുന്നത്. ഒരു വർഷമായിരിക്കും ഈ ലൈസൻസിന്റെ കാലാവധി, തുടർന്ന് എല്ലാ വർഷവും ഇത് പുതുക്കേണ്ടതുണ്ട്. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, ദേശീയ പരിപാടികൾ, വാണിജ്യേതരമായ വ്യക്തിഗത ആഘോഷങ്ങൾ എന്നിവയെ പുതിയ ഫീസ് ഘടനയിൽ നിന്നും പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന ഗായകർ, സംഗീത സംവിധായകർ, ഗാനരചയിതാക്കൾ, നിർമാതാക്കൾ എന്നിവരുടെ പകർപ്പവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പുതിയ മാറ്റം കൊണ്ടുവരുന്നത്. ഇതിനായി മന്ത്രാലയത്തിന്റെ പ്രത്യേക അംഗീകാരമുള്ള ‘എമിറേറ്റ്സ് മ്യൂസിക് റൈറ്റ്സ് അസോസിയേഷൻ’, ‘മ്യൂസിക് നേഷൻ’ എന്നീ സംഘടനകൾക്കായിരിക്കും ഫീസ് പിരിച്ചെടുക്കാനുള്ള പൂർണ ചുമതല. ലൈസൻസിലൂടെ ലഭിക്കുന്ന തുക കുട്ടികളിലെയും യുവാക്കളിലെയും സംഗീത പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും, എമിറാത്തി സംഗീതത്തെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധേയമാക്കുന്നതിനും വേണ്ടി വിനിയോഗിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.




