Business & StartupsPravasi News

ഒരു വർഷത്തെ വാടക ഇനി ഒന്നിച്ചുനൽകേണ്ട; ദുബൈയിൽ ‘റെന്റ് നൗ, പേ ലേറ്റർ’ സംവിധാനം സെപ്റ്റംബർ മുതൽ

ദുബൈ: ഒരു വർഷത്തെ വീട്ടുവാടക ഒറ്റത്തവണയായി നൽകാൻ ബുദ്ധിമുട്ടുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ആശ്വാസമായി ദുബൈയിൽ പുതിയ പദ്ധതി വരുന്നു. വീട്ടുവാടക മാസഗഡുക്കളായി അടയ്ക്കാൻ സൗകര്യമൊരുക്കുന്ന ‘റെന്റ് നൗ, പേ ലേറ്റർ’ (Rent Now, Pay Later) സേവനം ഈ വരുന്ന സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് പ്രമുഖ പ്രാദേശിക മാധ്യമമായ ഇമാറാത്ത് അൽ യൗം റിപ്പോർട്ട് ചെയ്തു. ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ് (DLD) ഒരു പ്രാദേശിക ബാങ്കുമായി സഹകരിച്ചാണ് ഈ പുതിയ സംരംഭം നടപ്പിലാക്കുന്നത്.

എങ്ങനെയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്?

പുതിയ പദ്ധതി പ്രകാരം, വാടകക്കാരൻ തനിക്ക് താമസിക്കാനുള്ള വീടോ അപ്പാർട്ട്മെന്റോ കണ്ടെത്തിയ ശേഷം ഈ സംവിധാനം പ്രയോജനപ്പെടുത്താം. വാടകക്കാരന് പകരം ബാങ്ക് മുഴുവൻ വാർഷിക വാടകയും വീട്ടുടമസ്ഥന് മുൻകൂറായി നൽകും. പിന്നീട് വാടകക്കാരൻ ഈ തുക 12 മാസം വരെയുള്ള കാലയളവിൽ പലിശരഹിത ഗഡുക്കളായി (ഇഎംഐ) ബാങ്കിന് തിരിച്ചടച്ചാൽ മതിയാകും. ഒറ്റയടിക്ക് വലിയൊരു തുക വാടകയിനത്തിൽ നൽകേണ്ടി വരുന്നത് ഒഴിവാക്കാൻ പുതിയ സംവിധാനം സഹായിക്കും.

മാതൃകയായി ദുബൈ; ലോകത്തിലെ ആദ്യത്തെ നഗരം

ഈ നിർദ്ദിഷ്ട പദ്ധതി വിജയകരമായി നടപ്പിലായാൽ, ഇത്തരമൊരു സാമ്പത്തിക സംവിധാനം വാടകക്കാർക്കായി ഏർപ്പെടുത്തുന്ന ലോകത്തിലെ തന്നെ ആദ്യത്തെ നഗരമായി ദുബൈ മാറും. ഈ വർഷം ജൂൺ 23-ന് ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ് ആരംഭിച്ച ‘ഫ്‌ളക്‌സി റെന്റ്’ (Flexi Rent) സംരംഭത്തിന്റെ തുടർച്ചയായാണ് പുതിയ പദ്ധതിയും വരുന്നത്. വാടക പ്രതിമാസ, ത്രൈമാസ, അർധ വാർഷിക ഗഡുക്കളായി നൽകാൻ വാടകക്കാർക്ക് സൗകര്യമൊരുക്കുന്നതായിരുന്നു ഫ്‌ളക്‌സി റെന്റ് പദ്ധതി.

പുതിയ പദ്ധതിക്കായുള്ള അപേക്ഷാ നടപടികൾ, വാടകക്കാർക്കും വീട്ടുടമസ്ഥർക്കുമുള്ള നിബന്ധനകൾ, തിരിച്ചടവ് വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാളെ വാട്സാപ്പിലും
Follow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button