നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ പുനഃസ്ഥാപിച്ച് ഖത്തർ എയർവേയ്‌സ്; യാത്രികർക്ക് ആശ്വാസം

ദോഹ: പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന പ്രധാന വിമാന സർവീസുകൾ പുനരാരംഭിച്ച് ഖത്തർ എയർവേയ്‌സ്. ബഹ്റൈൻ, കുവൈത്ത്, ഇറാഖിലെ ഇർബിൽ എന്നീ നഗരങ്ങളിലേക്കുള്ള സർവീസുകളാണ് നാളെ മുതൽ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നത്. സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസി യാത്രികർക്ക് വലിയ ആശ്വാസമാകും.
മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അനുകൂലമായതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് ഖത്തർ എയർവേയ്‌സ് അധികൃതർ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കഴിഞ്ഞ മാസം 23 മുതലാണ് ഈ സെക്ടറുകളിലേക്കുള്ള വിമാന സർവീസുകൾ കമ്പനി താൽക്കാലികമായി റദ്ദാക്കിയിരുന്നത്.
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് സർവീസുകൾ പുനരാരംഭിക്കാൻ അനുമതി നൽകിയത്. വിമാന സർവീസുകളുടെ പുതിയ സമയക്രമം ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയുന്നതിനായി യാത്രികർ ഖത്തർ എയർവേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.




