AI & TechnologyPravasi News

സ്വകാര്യ എഐ നിക്ഷേപം: ലോകത്തെ മികച്ച 10 രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി സൗദി അറേബ്യ

നേട്ടം ലോകബാങ്കിന്റെ 'ദി പ്രോമിസ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്' റിപ്പോർട്ടിൽ. എഐ വിദഗ്ധരെ ആകർഷിക്കുന്നതിലും രാജ്യം മുൻപന്തിയിൽ.

റിയാദ്: സ്വകാര്യ മേഖലയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിക്ഷേപത്തിൽ വൻ കുതിച്ചുചാട്ടവുമായി സൗദി അറേബ്യ. ലോകബാങ്ക് പുറത്തിറക്കിയ വേൾഡ് ഡെവലപ്‌മെന്റ് റിപ്പോർട്ട് 2026-ലെ കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും മികച്ച പത്ത് രാജ്യങ്ങളുടെ പട്ടികയിൽ സൗദി ഇടംനേടി. ‘ദി പ്രോമിസ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്’ എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വിഷൻ 2030-ന്റെ ഭാഗമായി സാങ്കേതികവിദ്യാ രംഗത്ത് രാജ്യം നടത്തുന്ന മുന്നേറ്റങ്ങളുടെ ഫലമാണ് ഈ നേട്ടം. ഡാറ്റാ മാനേജ്മെൻ്റ്, കമ്പ്യൂട്ടിങ് ശേഷി, അടിസ്ഥാന സൗകര്യ വികസനം, നൂതന സാങ്കേതികവിദ്യകൾ എന്നിവയിൽ വൻതോതിലുള്ള നിക്ഷേപമാണ് സൗദി ഇപ്പോൾ നടത്തിവരുന്നത്. സർക്കാർ ഡാറ്റകൾ മികച്ച രീതിയിൽ സംയോജിപ്പിക്കുന്നതിൽ ലോകത്തിന് തന്നെ മാതൃകയാകാൻ രാജ്യത്തിന് സാധിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കുതിച്ചുയർന്ന് അടിസ്ഥാന സൗകര്യങ്ങൾ

രാജ്യത്തെ ഡാറ്റാ സെന്ററുകളുടെ ശേഷിയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021-ൽ കേവലം 68 മെഗാവാട്ട് (MW) ആയിരുന്ന ശേഷി 2025-ൽ 440 MW ആയും, 2026-ലെ ആദ്യ പാദത്തിൽ 467 MW ആയും ഉയർന്നു. ഇതിനുപുറമെ, 2025 അവസാനത്തോടെ രാജ്യത്തെ 4G, 5G നെറ്റ്വർക്ക് കവറേജ് 99 ശതമാനത്തിലെത്തി. 216 Mbps ആണ് നിലവിലെ ശരാശരി ഇന്റർനെറ്റ് വേഗത. മികച്ച ഇൻ്റർനെറ്റ് സൗകര്യങ്ങൾ ക്ലൗഡ് സേവനങ്ങളുടെയും എഐ ആപ്ലിക്കേഷനുകളുടെയും വളർച്ചയ്ക്ക് വലിയ തോതിൽ കരുത്തേകുന്നുണ്ട്.

എഐ വിദഗ്ധരുടെ പ്രിയപ്പെട്ട ഇടമായി സൗദി

ആഗോളതലത്തിൽ എഐ വിദഗ്ധരെ ആകർഷിക്കുന്നതിൽ മുൻപന്തിയിലാണ് സൗദി അറേബ്യയുടെ സ്ഥാനം. ലക്‌സംബർഗ്, ഓസ്‌ട്രേലിയ, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങൾക്കൊപ്പമാണ് സൗദിയും ഈ നേട്ടം പങ്കിടുന്നത്. 10,000 ലിങ്ക്ഡ്ഇൻ (LinkedIn) ഉപയോക്താക്കളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കണക്കുകൾ പ്രകാരം, 2025-ൽ ഏറ്റവും കൂടുതൽ എഐ വിദഗ്ധർ തൊഴിലിനായി തിരഞ്ഞെടുത്ത രാജ്യങ്ങളിൽ ഒന്നായി സൗദി മാറി.

എഐ ഇന്നൊവേറ്റർമാരുടെയും രചയിതാക്കളുടെയും കാര്യത്തിൽ 3.08 എന്ന മികച്ച ‘നെറ്റ് ഇൻഫ്‌ളോ’ (Net Inflow) നിരക്കും രാജ്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന നൈപുണ്യമുള്ള സാങ്കേതിക വിദഗ്ധരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിൽ സൗദി അറേബ്യ കൈവരിച്ച വൻ വിജയമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

നാളെ വാട്സാപ്പിലും
Follow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button