ആപ്പിൾ എയർടാഗിനും ഗൂഗിൾ പിക്സൽ ടാഗിനും പകരം കുറഞ്ഞ വിലയിൽ വാങ്ങാവുന്ന മികച്ച ബ്ലൂടൂത്ത് ട്രാക്കറുകൾ

താക്കോലുകൾ, ബാഗുകൾ, പേഴ്‌സുകൾ തുടങ്ങിയവ എവിടെയെങ്കിലും മറന്നുവെച്ചാൽ അവയുടെ ലൊക്കേഷൻ എളുപ്പത്തിൽ ട്രാക്ക് ചെയ്ത് കണ്ടുപിടിക്കാൻ സഹായിക്കുന്നവയാണ് ബ്ലൂടൂത്ത് ട്രാക്കറുകൾ. ആപ്പിളിന്റെ എയർടാഗിന് (Apple AirTag) എതിരാളിയായി ഗൂഗിൾ തങ്ങളുടെ ആദ്യത്തെ ബ്ലൂടൂത്ത് ട്രാക്കറായ പിക്സൽ ടാഗ് (Pixel Tag) അടുത്തിടെയാണ് വിപണിയിൽ അവതരിപ്പിച്ചത്. എന്നാൽ ഈ പ്രീമിയം ഉപകരണങ്ങളുടെ ഉയർന്ന വില പലരെയും ഇവ വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കാറുണ്ട്. ഗൂഗിളിന്റെ പിക്സൽ ടാഗിനും ആപ്പിൾ എയർടാഗിനും ഒരെണ്ണത്തിന് ഏകദേശം 3790 രൂപയോളമാണ് വില.
എന്നാൽ ഇതേ ആവശ്യങ്ങൾ നിറവേറ്റുന്ന, പകുതിയിലധികം വിലക്കുറവിൽ ലഭ്യമായ മികച്ച ചില ബ്ലൂടൂത്ത് ട്രാക്കറുകൾ വിപണിയിലുണ്ട്. അവയേതൊക്കെയെന്ന് പരിശോധിക്കാം:
ബജറ്റ് ഫ്രണ്ട്‌ലിയായ ജിയോ ടാഗ് (JioTag)
റിലയൻസ് ജിയോ പുറത്തിറക്കിയ മികച്ചൊരു ബ്ലൂടൂത്ത് ട്രാക്കിങ് ഉപകരണമാണ് ജിയോ ടാഗ്. 2,199 രൂപ എം.ആർ.പി. ഉള്ള ഈ ഉപകരണം നിലവിൽ ഓൺലൈനിൽ ഏകദേശം 749 രൂപയ്ക്ക് ലഭ്യമാണ്. ഐഫോണിലും ആൻഡ്രോയിഡിലുമുള്ള ‘JioThings’ ആപ്പുമായി ബന്ധിപ്പിച്ചാണ് ഇത് ഉപയോഗിക്കുന്നത്. ആപ്പിൾ, ഗൂഗിൾ ട്രാക്കിങ് ശൃംഖലകളെ അപേക്ഷിച്ച് ജിയോയുടെ കമ്മ്യൂണിറ്റി ഫൈൻഡ് നെറ്റ്‌വർക്ക് അല്പം പരിമിതമാണെങ്കിലും, വ്യക്തിപരമായ ഉപയോഗങ്ങൾക്ക് ഇത് മികച്ചൊരു ചോയ്‌സാണ്.
ആപ്പിൾ ‘ഫൈൻഡ് മൈ’ (Find My) നെറ്റ്‌വർക്കിൽ പ്രവർത്തിക്കുന്നവ
- Eufy SmartTrack Link (Anker): ആങ്കർ പുറത്തിറക്കിയ ഈ ഉപകരണം ആപ്പിൾ ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ആമസോണിൽ 799 രൂപയ്ക്ക് ലഭ്യമായ ഇത് ആപ്പിളിന്റെ ഫൈൻഡ് മൈ നെറ്റ്‌വർക്കിൽ മാത്രമേ പ്രവർത്തിക്കൂ. ടാഗിനു പിന്നിലുള്ള QR കോഡ് സ്കാൻ ചെയ്ത് ഉടമയെ ബന്ധപ്പെടാനുള്ള സൗകര്യവും, ഫോൺ റിങ് ചെയ്യിക്കാനുള്ള ഫീച്ചറും ഇതിലുണ്ട്.
- URBN Smart Tracker: ബജറ്റ് നിരക്കിൽ ലഭ്യമായ ഈ ഇന്ത്യൻ ബ്രാൻഡ് ട്രാക്കറിന് ഔദ്യോഗിക വെബ്സൈറ്റിൽ 999 രൂപയാണ് വില. വെറും 12 ഗ്രാം മാത്രം ഭാരമുള്ള ഇത് കോയിൻ മാതൃകയിലുള്ള ഡിസൈനായതിനാൽ കീ ചെയിനുകളിലും ലഗേജുകളിലും എളുപ്പത്തിൽ ഘടിപ്പിക്കാം. തേഡ് പാർട്ടി ആപ്പുകളുടെ ആവശ്യമില്ലാതെ തന്നെ ആഗോളതലത്തിൽ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ ഇതിലൂടെ സാധിക്കും.
- Portronics Worldtag: ആപ്പിൾ ഫൈൻഡ് മൈ ആപ്പുമായി ബന്ധിപ്പിച്ചു പ്രവർത്തിപ്പിക്കാവുന്ന ഈ ഉപകരണത്തിന് ആമസോണിൽ 549 രൂപ മാത്രമാണ് വില. ഒരു വർഷത്തെ ബാറ്ററി ലൈഫാണ് കമ്പനി ഇതിന് വാഗ്ദാനം ചെയ്യുന്നത്.
ആൻഡ്രോയിഡ് ‘ഫൈൻഡ് മൈ ഡിവൈസ്’ നെറ്റ്‌വർക്കിൽ പ്രവർത്തിക്കുന്നവ
- Moto Tag (Motorola): ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച പ്രീമിയം ട്രാക്കറുകളിലൊന്നാണിത്. UWB (Ultra-Wideband) സപ്പോർട്ടും IP67 വാട്ടർ റെസിസ്റ്റൻസും ഇതിന്റെ പ്രധാന സവിശേഷതകളാണ്. ഫ്ലിപ്കാർട്ടിൽ 2,499 രൂപയ്ക്ക് ലഭ്യമായ ഈ ഉപകരണത്തിന് ഒരു വർഷത്തെ ബാറ്ററി ലൈഫ് ലഭിക്കും.
- boAt Tag (ബോട്ട് ടാഗ്): ഗൂഗിൾ ഫൈൻഡ് മൈ ഡിവൈസ് നെറ്റ്‌വർക്കിൽ പ്രവർത്തിക്കുന്ന മികച്ചൊരു ഉപകരണമാണിത്. വീടിനുള്ളിലോ മറ്റോ മറന്നുവെച്ചാൽ ശബ്ദത്തിലൂടെ എളുപ്പത്തിൽ കണ്ടെത്താനായി 80dB ഇൻ-ബിൽറ്റ് സ്പീക്കർ ഇതിലുണ്ട്. അജ്ഞാതമായ ടാഗുകൾ നിങ്ങളെ പിന്തുടരുന്നുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകുന്ന ആന്റി-സ്റ്റാക്കിങ് (Anti-stalking) സുരക്ഷയും ഇതിന്റെ പ്രത്യേകതയാണ്. 799 രൂപയാണ് ഫ്ലിപ്കാർട്ടിലെ വില.
- Zebronics Smart Finder Tag: ആൻഡ്രോയിഡിൽ മാത്രം പ്രവർത്തിക്കുന്ന മറ്റൊരു മികച്ച ട്രാക്കർ. ഗൂഗിൾ ഫൈൻഡ് മൈ ഡിവൈസുമായി ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കാവുന്ന ഇതിൽ നഷ്ടപ്പെട്ട വസ്തുക്കൾ അടുത്തുള്ളപ്പോൾ എളുപ്പം കണ്ടെത്താനുള്ള ‘റിങ് ടു ഫൈൻഡ്’ ഫീച്ചർ ലഭ്യമാണ്. ആമസോണിൽ ഇതിന് 799 രൂപയാണ് വില.



