AI & Technology

ഗൂഗിളിന്റെ എ.ഐ സാങ്കേതിക രഹസ്യങ്ങൾ ചൈനയ്ക്ക് ചോർത്തി നൽകി; മുൻ എൻജിനീയർക്ക് യുഎസിൽ തടവുശിക്ഷ

സാൻഫ്രാൻസിസ്കോ: ഗൂഗിളിന്റെ നിർണായകമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അടിസ്ഥാനസൗകര്യ വിവരങ്ങൾ ചൈനീസ് കമ്പനികൾക്ക് ചോർത്തി നൽകിയ കേസിൽ മുൻ സോഫ്റ്റ്‌വെയർ എൻജിനീയർ ലിൻവെയ് ഡിങ്ങിന് യുഎസ് കോടതി 12 മാസത്തെ തടവുശിക്ഷ വിധിച്ചു. വ്യാപാര രഹസ്യങ്ങൾ മോഷ്ടിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഇയാൾക്ക് തടവുശിക്ഷയിൽ ഒരു ദിവസത്തെ ഇളവ് ലഭിക്കും. ഇതിനുപുറമെ 25,000 ഡോളർ പിഴയും 1,89,000 ഡോളറിലധികം നഷ്ടപരിഹാരവും ഒടുക്കണം. ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം രണ്ട് വർഷം പ്രത്യേക ഉദ്യോഗസ്ഥന്റെ കർശന നിരീക്ഷണത്തിലും കഴിയേണ്ടതുണ്ട്.

വൻകിട എ.ഐ മോഡലുകൾ പരിശീലിപ്പിക്കുന്നതിനായി ഗൂഗിൾ വികസിപ്പിച്ച ടി.പി.യു (TPU), ജി.പി.യു (GPU) സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സൂപ്പർ കംപ്യൂട്ടിങ് ഡാറ്റാ സെന്ററുകളുടെ ഹാർഡ്‌വേർ, സോഫ്റ്റ്‌വേർ സാങ്കേതികവിദ്യകളാണ് ഡിങ് ചോർത്തിയത്. 2022 മേയ് 21 മുതൽ 2023 മേയ് വരെയുള്ള ഒരു വർഷത്തിനിടെ ഗൂഗിളിന്റെ ഔദ്യോഗിക നെറ്റ്‌വർക്കിൽനിന്ന് സ്വന്തം ഗൂഗിൾ ക്ലൗഡ് അക്കൗണ്ടിലേക്ക് മാറ്റി ഏകദേശം അഞ്ഞൂറോളം അതീവ രഹസ്യ ഫയലുകളാണ് ഇയാൾ കൈവശപ്പെടുത്തിയതെന്ന് കമ്പനിയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു.

2010-ൽ ഉപരിപഠനത്തിനായി ചൈനയിൽ നിന്ന് യുഎസിലെത്തിയ ലിൻവെയ് ഡിങ് സിലിക്കൺ വാലിയിലെ പ്രമുഖ കമ്പനികളിൽ പ്രവർത്തിച്ച ശേഷം 2019-ലാണ് ഗൂഗിളിൽ ചേർന്നത്. തുടർന്ന് 2021-ൽ യുഎസിൽ സ്ഥിരതാമസ അനുമതിയും നേടി. ജനുവരിയിൽ 11 ദിവസം നീണ്ടുനിന്ന വിചാരണയ്ക്കൊടുവിലാണ് ഗൂഗിളിന്റെ സാങ്കേതിക സ്വത്ത് അപഹരിക്കാനുള്ള ആസൂത്രിത നീക്കമാണ് ഡിങ് നടത്തിയതെന്ന് കോടതി കണ്ടെത്തി ശിക്ഷ പ്രഖ്യാപിച്ചത്.

നാളെ വാട്സാപ്പിലും
Follow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button