കേരളത്തിൽ നിന്നുള്ള ആദ്യ റിയൽ എസ്റ്റേറ്റ് ലിസ്റ്റിങ്: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വീഗാലാൻഡ് ഡവലപ്പേഴ്സ് ഐപിഒ സെപ്റ്റംബർ 10 മുതൽ

കേരളത്തിൽ നിന്നുള്ള ആദ്യ റിയൽ എസ്റ്റേറ്റ് ലിസ്റ്റിങ്: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വീഗാലാൻഡ് ഡവലപ്പേഴ്സ് ഐപിഒ സെപ്റ്റംബർ 10 മുതൽ
കേരളത്തിന്റെ വ്യവസായ ഭൂപടത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലുള്ള വീഗാലാൻഡ് ഡവലപ്പേഴ്സ് (Veegaland Developers) ഓഹരി വിപണിയിലേക്ക് ചുവടുവെക്കുന്നു. കേരളത്തിൽ നിന്ന് ആദ്യമായി ഓഹരി വിപണിയിൽ എത്തുന്ന റിയൽ എസ്റ്റേറ്റ് ഡെവലപ്പർ കമ്പനി എന്ന ചരിത്ര നേട്ടമാണ് വീഗാലാൻഡ് ഇതിലൂടെ സ്വന്തമാക്കുന്നത്. പ്രാരംഭ ഓഹരി വിൽപ്പന (IPO – Initial Public Offering) സെപ്റ്റംബർ 10-ന് ആരംഭിച്ച് സെപ്റ്റംബർ 15-ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ മൂന്നാമത്തെ സംരംഭം കൂടിയാണിത്. നേരത്തെ അദ്ദേഹം സ്ഥാപിച്ച വിഗാർഡ് ഇൻഡസ്ട്രീസ് (V-Guard Industries), വണ്ടർലാ ഹോളിഡേയ്സ് (Wonderla Holidays) എന്നീ കമ്പനികൾ ഓഹരി വിപണിയിൽ വലിയ മുന്നേറ്റം നടത്തുകയും നിക്ഷേപകർക്ക് മികച്ച ലാഭം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. ഈ വിജയ ചരിത്രം വീഗാലാൻഡിന്റെ ഐപിഒയ്ക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഐപിഒ തീയതികളും പ്രധാന വിവരങ്ങളും
സെപ്റ്റംബർ 10-ന് ആരംഭിക്കുന്ന ഐപിഒയുടെ ആങ്കർ നിക്ഷേപകർക്കായുള്ള (Anchor Investors) ബിഡ്ഡിങ് സെപ്റ്റംബർ ഒൻപതിന് നടക്കും. ഐപിഒ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സെപ്റ്റംബർ 18-ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (BSE), നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) തുടങ്ങിയ ദേശീയ സ്റ്റോക് എക്സ്ചേഞ്ചുകളിൽ വീഗാലാൻഡ് ഡവലപ്പേഴ്സിന്റെ ഓഹരികൾ ഔദ്യോഗികമായി ലിസ്റ്റ് ചെയ്യപ്പെടും. അർഹരായ നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് സെപ്റ്റംബർ 17-ന് തന്നെ ഓഹരികൾ ക്രെഡിറ്റ് ചെയ്യപ്പെടുന്നതായിരിക്കും. രാജ്യത്തെമ്പാടുമുള്ള നിക്ഷേപകർക്ക് ഈ പ്രാരംഭ ഓഹരി വിൽപ്പനയിൽ പങ്കുചേരാനുള്ള അവസരമുണ്ട്.
ലക്ഷ്യമിടുന്നത് 210 കോടിയുടെ സമാഹരണം
210 കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഗാലാൻഡ് ഡവലപ്പേഴ്സ് പബ്ലിക് ഇഷ്യൂവിലേക്ക് കടക്കുന്നത്. പൂർണമായും പുതിയ ഓഹരികളുടെ (Fresh Issue) വിൽപ്പനയിലൂടെയാണ് കമ്പനി ഈ തുക സമാഹരിക്കുന്നത്. ഐപിഒ വഴി ലഭിക്കുന്ന തുക പ്രധാനമായും കമ്പനിയുടെ ഭാവി വികസന പ്രവർത്തനങ്ങൾക്കായാണ് വിനിയോഗിക്കുക. കമ്പനിയുടെ നിലവിലുള്ള നിർമ്മാണ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുക, ഭാവി പ്രോജക്റ്റുകൾക്കായി പുതിയ ഭൂമി വാങ്ങുക, കോർപ്പറേറ്റ് ആവശ്യങ്ങൾ നിറവേറ്റുക തുടങ്ങിയ കാര്യങ്ങൾക്കാണ് ഈ ഫണ്ട് പ്രധാനമായും ഉപയോഗിക്കുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഓഹരി വിലയും അപേക്ഷിക്കേണ്ട രീതിയും
പത്ത് രൂപ മുഖവിലയുള്ള (Face Value) വീഗാലാൻഡ് ഡവലപ്പേഴ്സിന്റെ ഓഹരികളുടെ പ്രൈസ് ബാൻഡ് 130 രൂപ മുതൽ 140 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ വിലനിലവാരം അനുസരിച്ച് കമ്പനിയുടെ മൊത്തം വിപണി മൂല്യം (Market Capitalization) ഏകദേശം 682.5 കോടി രൂപയായി കണക്കാക്കപ്പെടുന്നു. ആകെ 1.50 കോടി ഓഹരികളാണ് ഈ ഐപിഒയിലൂടെ വിൽപ്പനയ്ക്ക് വെക്കുന്നത്. റീട്ടെയിൽ നിക്ഷേപകർക്ക് അപേക്ഷിക്കാവുന്ന ചുരുങ്ങിയ ഓഹരികളുടെ എണ്ണം (Lot Size) 107 ആണ്. അതായത്, ഒരു നിക്ഷേപകന് കുറഞ്ഞത് 107 ഓഹരികൾക്കായി ബിഡ് ചെയ്യാം. കൂടുതൽ നിക്ഷേപിക്കാൻ താല്പര്യമുള്ളവർക്ക് 107-ന്റെ ഗുണിതങ്ങളായി (ഉദാഹരണത്തിന് 214, 321 എന്നിങ്ങനെ) ഓഹരികൾക്കായി അപേക്ഷിക്കാവുന്നതാണ്.
വളർച്ചയുടെ പടവുകളിൽ വീഗാലാൻഡ്
2012-ൽ കൊച്ചി ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച വീഗാലാൻഡ് ഡിവലപ്പേഴ്സ് ചുരുങ്ങിയ കാലം കൊണ്ടാണ് കേരളത്തിലെ ഏറ്റവും വിശ്വസ്തരായ ബിൽഡർമാരുടെ പട്ടികയിൽ ഇടംനേടിയത്. പ്രമുഖ റേറ്റിങ് ഏജൻസിയായ ‘ഇക്ര’യുടെ (ICRA) റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ ഏറ്റവും വേഗത്തിൽ പ്രോജക്റ്റുകൾ വിറ്റഴിക്കപ്പെടുന്ന (Fastest selling real estate developer) കമ്പനിയാണ് വീഗാലാൻഡ്. 2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 250.98 കോടി രൂപയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതുവരെ 10 ഭവന പ്രോജക്ടുകൾ കമ്പനി കൃത്യസമയത്ത് തന്നെ പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇതിലൂടെ 18.05 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള 692 ഭവനങ്ങളാണ് വിറ്റഴിച്ചത്. നിലവിൽ കൊച്ചി, തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് എന്നീ പ്രധാന നഗരങ്ങളിലായി 12 പുതിയ പ്രോജക്ടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. 18.57 ലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള ഈ പ്രോജക്റ്റുകളിൽ മൊത്തം 987 ഭവനങ്ങൾ ഉൾപ്പെടുന്നു.
ഗുണനിലവാരവും പരിസ്ഥിതി സൗഹൃദ നിർമ്മാണവും
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും കെ. ചിറ്റിലപ്പിള്ളി ട്രസ്റ്റുമാണ് വീഗാലാൻഡ് ഡവലപ്പേഴ്സിന്റെ പ്രധാന പ്രമോട്ടർമാർ. രാജ്യത്ത് റിയൽ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി (RERA – റെറ) നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് തന്നെ ഉപഭോക്താക്കൾക്ക് അതേ നിലവാരത്തിലുള്ള പരിരക്ഷയും സുതാര്യതയും ഉറപ്പുവരുത്തിയിരുന്ന സ്ഥാപനമാണ് വീഗാലാൻഡ്. മിഡ്-പ്രീമിയം, പ്രീമിയം, അൾട്രാ പ്രീമിയം ശ്രേണികളിലുള്ള അപ്പാർട്ട്മെന്റ് പ്രോജക്ടുകളാണ് കമ്പനിയുടെ പ്രധാന ആകർഷണം.
പ്രകൃതി സൗഹാർദപരമായ നിർമാണ രീതികൾക്ക് വലിയ പ്രാധാന്യമാണ് വീഗാലാൻഡ് നൽകുന്നത്. ഇതിന്റെ ഭാഗമായി ജലത്തിന്റെയും ഊർജത്തിന്റെയും സംരക്ഷണം സാധ്യമാക്കുന്ന ‘ബയോഫിലിക്ക് ലിവിങ്’ (Biophilic Living) എന്ന ആശയമാണ് ആദ്യ സംരംഭം മുതൽ കമ്പനി നടപ്പിലാക്കി വരുന്നത്. നഗരജീവിതത്തിനിടയിലും പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ സഹായിക്കുന്ന ഈ രീതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സ്വകാര്യതയ്ക്കും പ്രീമിയം സൗകര്യങ്ങൾക്കും മുൻതൂക്കം നൽകിക്കൊണ്ട് ‘ബയോഫിലിക് ലക്സ് സീരീസ്’ (Biophilic Lux series) എന്ന ആഡംബര പാർപ്പിട പദ്ധതിയും കമ്പനി വിജയകരമായി അവതരിപ്പിച്ചിട്ടുണ്ട്. നൂതനമായ ഇത്തരം ആശയങ്ങളും ഉപഭോക്താക്കളുടെ അചഞ്ചലമായ വിശ്വാസവും കൈമുതലാക്കിയാണ് വീഗാലാൻഡ് ഡവലപ്പേഴ്സ് ഇപ്പോൾ ഓഹരി വിപണിയിലേക്കും ചുവടുവെക്കുന്നത്.




