വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ ഓഫറുമായി റിലയൻസ് ജിയോ

ന്യൂഡല്‍ഹി: ടെലികോം വിപണിയിൽ വീണ്ടും ആകർഷകമായ ഓഫറുമായി റിലയൻസ് ജിയോ. ദിവസേന വലിയ തോതിൽ ഡാറ്റ ആവശ്യമുള്ള 5ജി ഉപഭോക്താക്കൾക്കായി 15 രൂപയുടെ പുതിയ അൺലിമിറ്റഡ് ഡാറ്റ പായ്ക്ക് കമ്പനി അവതരിപ്പിച്ചു. 24 മണിക്കൂർ വാലിഡിറ്റിയാണ് ഈ പ്ലാനിന് നിശ്ചയിച്ചിരിക്കുന്നത്.
സാധാരണയായി ടെലികോം സേവനദാതാക്കൾ നൽകുന്ന ആഡ്-ഓൺ പ്ലാനുകളിൽ 1 ജിബി അല്ലെങ്കിൽ 2 ജിബി എന്നിങ്ങനെയുള്ള പ്രതിദിന പരിധി ഉണ്ടാകാറുണ്ട്. എന്നാൽ, ജിയോയുടെ പുതിയ 15 രൂപ പായ്ക്കിൽ യാതൊരു ഡാറ്റാ പരിധിയും ഇല്ലാതെ പൂർണ്ണമായും അൺലിമിറ്റഡായി അതിവേഗ 5ജി ഇന്റർനെറ്റ് ആസ്വദിക്കാം. വലിയ തുകയുടെ പ്ലാനുകൾ റീചാർജ് ചെയ്യാതെ തന്നെ താൽക്കാലികമായി കൂടുതൽ ഡാറ്റ ആവശ്യമുള്ള സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസമാകുന്നതാണ് ഈ പ്ലാൻ.
തടസ്സമില്ലാതെ 4K വിഡിയോകൾ സ്ട്രീം ചെയ്യാനും ലൈവ് കായിക മത്സരങ്ങൾ കാണാനും ഹൈ-ഗ്രാഫിക്സ് ഗെയിമുകൾ കളിക്കാനും ഈ പ്ലാൻ പ്രയോജനപ്പെടും. വലിയ ഫയലുകൾ, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ, സിനിമകൾ എന്നിവ ഡൗൺലോഡ് ചെയ്യാനും ക്ലൗഡ് സ്റ്റോറേജിലേക്ക് ബാക്കപ്പ് ചെയ്യാനും മൊബൈൽ ഹോട്ട്‌സ്‌പോട്ട് വഴി മറ്റ് ഉപകരണങ്ങൾ ബന്ധിപ്പിച്ച് ഓഫീസ് ജോലികൾ ചെയ്യാനും ഇതിലൂടെ സാധിക്കും.
ജിയോ ട്രൂ 5ജി കവറേജ് ലഭ്യമായ പ്രദേശങ്ങളിൽ 5ജി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നവർക്കാണ് ഈ സൗകര്യം ലഭിക്കുക. ഉപഭോക്താക്കളുടെ നിലവിലെ ആക്ടീവ് ബേസ് പ്ലാനിന്റെ യോഗ്യതയ്ക്ക് വിധേയമായി മൈജിയോ ആപ്പ് വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ പ്ലാൻ റീചാർജ് ചെയ്യാം.




