AI & TechnologyBreaking News

ബഹിരാകാശത്ത് ആദ്യ മലയാളി സ്പർശം; അനിൽ മേനോൻ സഞ്ചരിച്ച സോയൂസ് പേടകം കുതിച്ചുയർന്നു

തിരുവനന്തപുരം: ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വംശജൻ അനിൽ മേനോൻ. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ ‘സോയൂസ് എം.എസ്–29 പേടകത്തിലാണ് അദ്ദേഹം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചുയർന്നത്. കസഖ്‌സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നായിരുന്നു നിർണായകമായ വിക്ഷേപണം. റഷ്യൻ ബഹിരാകാശ യാത്രികരായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിൽ മേനോനൊപ്പമുണ്ട്. ഇന്ന് രാത്രി 11.26-ഓടെ പേടകം രാജ്യാന്തര ബഹിരാകാശ നിലയവുമായി വിജയകരമായി ഡോക്ക് ചെയ്യുമെന്നാണ് കണക്കാക്കുന്നത്.

പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരമേനോന്റെയും യുക്രെയ്ൻ സ്വദേശിനിയായ എലിസബത്തിന്റെയും മകനായി അമേരിക്കയിലാണ് അനിൽ മേനോൻ ജനിച്ചത്. മികച്ച വിദ്യാഭ്യാസ പശ്ചാത്തലമുള്ള അദ്ദേഹം ഹാർവർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിലും, സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്, മെഡിസിൻ എന്നിവയിലും ബിരുദങ്ങൾ നേടിയിട്ടുണ്ട്. തുടർന്ന് എമർജൻസി മെഡിസിൻ ഡോക്ടറായി കരിയർ ആരംഭിച്ച അദ്ദേഹം, ഹെയ്തി, നേപ്പാൾ ഭൂകമ്പ ദുരിതാശ്വാസ മേഖലകളിൽ സജീവമായി പ്രവർത്തിച്ചു.

പിന്നീട് യു.എസ് എയർഫോഴ്സിലും സ്പേസ് ഫോഴ്സിലും ഫ്ലൈറ്റ് സർജനായി സേവനമനുഷ്ഠിച്ച അനിൽ മേനോൻ, ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യസുരക്ഷാ ക്രമീകരണങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തുടർന്ന് പ്രമുഖ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ആദ്യ ഫ്ലൈറ്റ് സർജനായി നിയമിതനായി. മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന സ്പേസ് എക്സിന്റെ ചരിത്രപ്രസിദ്ധമായ ‘ഡെമോ-2 ദൗത്യത്തിന്റെ മെഡിക്കൽ ടീമിനെ നയിച്ചത് അദ്ദേഹമായിരുന്നു.

2021-ലാണ് അനിൽ മേനോൻ നാസയുടെ ബഹിരാകാശ യാത്രികരുടെ പരിശീലന ക്ലാസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. വർഷങ്ങൾ നീണ്ട കഠിനമായ പരിശീലനത്തിനൊടുവിലാണ് ഇപ്പോൾ തന്റെ ആദ്യ ബഹിരാകാശ ദൗത്യത്തിന് അദ്ദേഹം തുടക്കം കുറിച്ചിരിക്കുന്നത്.

എട്ട് മാസത്തോളം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ചെലവഴിക്കുന്ന സംഘം നിർണായകമായ വിവിധ ശാസ്ത്ര പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകും. മൈക്രോ ഗ്രാവിറ്റി മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, ബഹിരാകാശ നിലയത്തിലെ ശുദ്ധജലത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന സലൈൻ ദ്രാവകം സിരകളിലേക്ക് നേരിട്ട് കുത്തിവയ്ക്കുന്ന സാങ്കേതികവിദ്യ, ആരോഗ്യരംഗത്ത് നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്തുന്നതിനുള്ള ഗവേഷണങ്ങൾ എന്നിവ അനിൽ മേനോന്റെ നേതൃത്വത്തിൽ നടക്കും. മലയാളി വേരുകളുള്ള ഒരു ശാസ്ത്രജ്ഞന്റെ ഈ അപൂർവ നേട്ടം ആഗോളതലത്തിലുള്ള മലയാളി സമൂഹത്തിന് വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.

നാളെ വാട്സാപ്പിലും
Follow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button