മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ച് എയർടെൽ: 299 രൂപയുടെ ജനപ്രിയ പ്ലാൻ പിൻവലിച്ചു, ഉപയോക്താക്കൾക്ക് ഇനി അധികച്ചെലവ്

ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ നിരക്കുകളിൽ പരോക്ഷമായ വർധനവ് വരുത്തി. നേരിട്ട് നിരക്കുകൾ കൂട്ടുന്നതിന് പകരം കുറഞ്ഞ തുകയുടെ ജനപ്രിയ പ്ലാനുകൾ പിൻവലിച്ചാണ് കമ്പനി ഈ മാറ്റം നടപ്പിലാക്കിയിരിക്കുന്നത്. 299 രൂപയുടെ എൻട്രി ലെവൽ പ്ലാൻ ഉൾപ്പെടെ നാല് റീചാർജ് പ്ലാനുകളാണ് എയർടെൽ കഴിഞ്ഞ ദിവസം നിർത്തിയത്. പ്രത്യക്ഷത്തിൽ നിരക്കുകളിൽ മാറ്റമില്ലെന്ന് തോന്നുമെങ്കിലും ഈ നീക്കത്തിലൂടെ എയർടെൽ താരിഫുകളിൽ മൂന്ന് മുതൽ നാല് ശതമാനം വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
28 ദിവസത്തേക്ക് പ്രതിദിനം 1.50 ജിബി ഡാറ്റ നൽകിയിരുന്ന 299 രൂപയുടെ ജനപ്രിയ പ്ലാനിന് പുറമേ 579, 619, 649 രൂപയുടെ പ്ലാനുകളും എയർടെൽ പിൻവലിച്ചിട്ടുണ്ട്. ഇതിൽ 56 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ നൽകിയിരുന്ന 649 രൂപയുടെ പ്ലാനും ഉൾപ്പെടുന്നു. ഇതിന് പുറമെ 859 രൂപയുടെ പ്ലാനിന്റെ വില 899 രൂപയായി കമ്പനി ഉയർത്തുകയും ചെയ്തു. എയർടെല്ലിന്റെ ഈ പുതിയ നീക്കം ഏറ്റവും വലിയ തിരിച്ചടിയാകുന്നത് 299 രൂപയുടെ റീചാർജിനെ ആശ്രയിച്ചിരുന്ന സാധാരണക്കാരായ എൻട്രി ലെവൽ ഉപയോക്താക്കൾക്കാണ്.
പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നതോടെ 28 ദിവസത്തേക്ക് പ്രതിദിന ഡാറ്റ ലഭിക്കണമെങ്കിൽ ഉപയോക്താക്കൾ ഇനി മുതൽ 349 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കേണ്ടി വരും. ഇതോടെ 28 ദിവസത്തേക്ക് ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന ഡാറ്റാ പ്ലാനായി ഇത് മാറി. മുൻപ് 299 രൂപയുടെ പ്ലാൻ ഉപയോഗിച്ചിരുന്നവർക്ക് ഇനി മുതൽ 50 രൂപ അധികമായി ചിലവാകും. അതായത് ഉപഭോക്താക്കൾക്ക് ഏകദേശം 16 ശതമാനത്തിന്റെ വില വർധനവാണ് ഇതിലൂടെ ഉണ്ടാകുന്നത്. എന്നാൽ ഈ പുതിയ തുകയ്ക്ക് 28 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ ഉപയോക്താക്കൾക്ക് ലഭിക്കും.
കഴിഞ്ഞ വർഷം ഓഗസ്റ്റിലും എയർടെൽ സമാനരീതിയിൽ പ്ലാനുകൾ പിൻവലിച്ചിരുന്നു. അന്ന് പ്രതിദിനം 1 ജിബി ഡാറ്റ നൽകിയിരുന്ന 249 രൂപയുടെ എൻട്രി ലെവൽ പ്ലാൻ പിൻവലിച്ചതിനെ തുടർന്നാണ് 299 രൂപയുടെ പ്ലാൻ അടിസ്ഥാന ഡാറ്റാ പ്ലാനായി മാറിയത്. എന്നാൽ, 28 ദിവസത്തേക്ക് 2 ജിബി ഡാറ്റ നൽകുന്ന 199 രൂപയുടെ പ്ലാനിലും 3 ജിബി ഡാറ്റ നൽകുന്ന 219 രൂപയുടെ പ്ലാനിലും കമ്പനി നിലവിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. വരുന്ന മൂന്നോ നാലോ മാസത്തിനുള്ളിൽ ടെലികോം കമ്പനികൾ റീചാർജ് പ്ലാനുകളിൽ 15 ശതമാനം വരെ വർധന വരുത്തുമെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നുണ്ട്. ടെലികോം മേഖലയിൽ താരിഫ് ഉയർത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കെയാണ് എയർടെൽ പ്ലാനുകൾ പിൻവലിച്ചിരിക്കുന്നത്. ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കമ്പനിയുടെ ഈ നീക്കം.



