സൗദിയിൽ പ്രവാസികളെ ലക്ഷ്യമിട്ട് വൻ ഓൺലൈൻ വായ്പാ തട്ടിപ്പ്: ഇരകൾ പരാതി നൽകിത്തുടങ്ങി

റിയാദ്: കുറഞ്ഞ പലിശനിരക്കിൽ വായ്പ വാഗ്ദാനം ചെയ്ത് സൗദി അറേബ്യയിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ ലക്ഷ്യമിട്ട് വൻ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്. ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ട നിരവധി പേർ ഇന്ത്യൻ എംബസിയിലും സൗദി സെൻട്രൽ ബാങ്കിലുമായി പരാതികൾ നൽകിത്തുടങ്ങിയിരിക്കുകയാണ്. മാധ്യമങ്ങളിൽ തട്ടിപ്പിനെക്കുറിച്ചുള്ള വാർത്തകൾ വ്യാപകമായി വന്നതോടെയാണ് കൂടുതൽ പേർ പരാതിയുമായി മുന്നോട്ടുവന്നത്.
സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലൂടെ ആകർഷകമായ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പുസംഘം ഇരകളെ വലയിലാക്കുന്നത്. 10,000 മുതൽ അഞ്ച് ലക്ഷം റിയാൽ വരെ കേവലം അര ശതമാനം പലിശയ്ക്ക് നൽകാമെന്ന് വാഗ്ദാനം നൽകി താല്പര്യമുള്ളവരെ പിന്നീട് വാട്സാപ്പിലൂടെ ബന്ധപ്പെടുന്നു. യഥാർത്ഥ ബാങ്കുകളുടേതിന് സമാനമായ രീതിയിലുള്ള ഇവരുടെ ഇടപെടലുകൾ സാധാരണക്കാരായ പ്രവാസികളെ എളുപ്പത്തിൽ വിശ്വസിപ്പിക്കാൻ സഹായിക്കുന്നു. തട്ടിപ്പുസംഘത്തിൽ മലയാളികൾ ഉള്ളതിനാൽ, മാതൃഭാഷയിലുള്ള ആശയവിനിമയം ഇരകളുടെ വിശ്വാസം വർധിപ്പിക്കുന്നതിനും കാരണമായി. മറ്റൊരു രാജ്യത്തെ ബാങ്കാണ് കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്നതെന്നാണ് ഇവർ പ്രധാനമായും ധരിപ്പിക്കുന്നത്.
വിശ്വാസ്യത നേടിയെടുത്ത ശേഷം വായ്പ പാസാക്കുന്നതിനായി ആദ്യം പ്രോസസിങ് ഫീസും പിന്നീട് വാറ്റും അടക്കാൻ സംഘം ആവശ്യപ്പെടുന്നു. ലോൺ തുക അക്കൗണ്ടിൽ ലഭിക്കുമ്പോൾ ഈ പണം തിരികെ നൽകുമെന്നും ഇവർ വിശ്വസിപ്പിക്കും. ഇതിനുശേഷം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും, കൂടുതൽ തുക അടച്ചില്ലെങ്കിൽ ബാങ്ക് പണം പിടിച്ചുവെക്കുമെന്നും യാത്രാവിലക്ക് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തും. ഇത്തരത്തിൽ 10,000 റിയാൽ വായ്പയ്ക്ക് ശ്രമിച്ചവരിൽ നിന്ന് അയ്യായിരം മുതൽ ആറായിരം റിയാൽ വരെ സംഘം തട്ടിയെടുത്ത സംഭവങ്ങളുണ്ട്.
മുന്നൂറ്റിയമ്പത് റിയാൽ മുതൽ പതിനായിരം റിയാലിന് മുകളിൽ വരെ നഷ്ടപ്പെട്ട നിരവധി പ്രവാസികളുണ്ട്. പലർക്കും ഇത് തട്ടിപ്പാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നു മാത്രമല്ല, പണം നഷ്ടപ്പെട്ട വിവരം നാണക്കേട് ഭയന്ന് പലരും പുറത്തുപറയാനും തയ്യാറായിരുന്നില്ല. എന്നാൽ, ഈ ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് വാർത്തകൾ വന്നതോടെയാണ് തങ്ങൾ ഇരകളാക്കപ്പെട്ട വിവരം പലരും തിരിച്ചറിഞ്ഞത്. തുടർന്ന് സാമൂഹിക പ്രവർത്തകരുടെ അടക്കം സഹായത്തോടെയാണ് ബാങ്കുകളിലും ഇന്ത്യൻ എംബസിയിലും ഇവർ പരാതികൾ നൽകാൻ ആരംഭിച്ചത്. അവധിക്കായി നാട്ടിലെത്തിയ പ്രവാസികളും തട്ടിപ്പിനിരയായിട്ടുണ്ടെന്നും ഇവർ കേരള പോലീസിന്റെ സൈബർ സെല്ലിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.




