ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് വനംവകുപ്പിൽ ജോലി; ഫോറസ്റ്റ് വാച്ചർ ഉൾപ്പെടെയുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കേരള സർക്കാരിന്റെ കീഴിൽ വനം വന്യജീവി വകുപ്പിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ (കെ.പി.എസ്.സി) പുതിയ വിജ്ഞാപനം പുറത്തിറക്കി. ഏഴാം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ കഴിയുന്ന മികച്ചൊരു സർക്കാർ തൊഴിലവസരമാണിത്. സർവ്വേ ലാസ്കേഴ്സ്, ഡിപ്പോ ആൻഡ് വാച്ച് സ്റ്റേഷൻ വാച്ചേഴ്സ്, പ്ലാന്റേഷൻ വാച്ചേഴ്സ് ആൻഡ് മേസ്ട്രീസ്, ടി.ബി വാച്ചേഴ്സ് ആൻഡ് ബംഗ്ലാവ് വാച്ചേഴ്സ്, ടിമ്പർ സൂപ്പർവൈസേഴ്സ്, തോപ്പ് വാർഡൻ, റിസർവ് വാച്ചേഴ്സ്, താന വാച്ചേഴ്സ്, ഡിസ്പെൻസറി അറ്റന്റന്റ്സ് തുടങ്ങി വനം വകുപ്പിലെ നിരവധിയായ തസ്തികകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഏഴാം ക്ലാസ് പാസായിരിക്കണം. എന്നാൽ ബിരുദം പാസായവർ അപേക്ഷിക്കാൻ യോഗ്യരല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത ശാരീരിക യോഗ്യതകളും ഉണ്ടായിരിക്കണം. കുറഞ്ഞത് 163 സെന്റീമീറ്റർ ഉയരവും 79 സെന്റീമീറ്റർ നെഞ്ചളവും (5 സെന്റീമീറ്റർ വികാസത്തോടെ) ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. 23,000 രൂപ മുതൽ 50,200 രൂപ വരെയാണ് ഈ തസ്തികകളിലേക്കുള്ള ശമ്പള സ്കെയിൽ. നിലവിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്കാണ് നേരിട്ടുള്ള നിയമനം വഴി പി.എസ്.സി തെരഞ്ഞെടുപ്പ് നടത്തുന്നത്.
18 നും 40 നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്. അതായത്, ഉദ്യോഗാർത്ഥികൾ 1986 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. ഈ തീയതികൾ ഉൾപ്പെടെയാണ് പ്രായപരിധി കണക്കാക്കുന്നത്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി അപേക്ഷകൾ സമർപ്പിക്കാം. പി.എസ്.സി വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration) പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓരോ തസ്തികയ്ക്കും വിജ്ഞാപന ലിങ്കിലുള്ള ‘Apply Now’ എന്ന ബട്ടൺ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 2 ആണ്. കൂടുതൽ വിവരങ്ങൾക്കായി ഉദ്യോഗാർത്ഥികൾ പി.എസ്.സി വെബ്സൈറ്റിലെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാവുന്നതാണ്.




