Breaking NewsPravasi News

ഉംറ വിസ പാക്കേജുകളിൽ കാറ്ററിങ് നിർബന്ധമാക്കി സൗദി അറേബ്യ; പുതിയ നിയമം ഇന്ത്യയുൾപ്പെടെ 4 രാജ്യങ്ങൾക്ക് ബാധകം

റിയാദ്: ഇന്ത്യയുൾപ്പെടെ നാല് രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് ഉംറ വിസ ഇഷ്യൂ ചെയ്യുന്ന കമ്പനികൾ വിസ പാക്കേജുകളിൽ കാറ്ററിങ് സേവനം നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് സൗദി അറേബ്യ ഉത്തരവിറക്കി. ഉംറ തീർഥാടകർക്ക് കൂടുതൽ മികച്ച സേവനവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ പുതിയ നടപടി. ആദ്യ ഘട്ടത്തിൽ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കാണ് ഈ നിബന്ധന ബാധകമാക്കിയിരിക്കുന്നത്.

പുതിയ നിയമപ്രകാരം, തീർഥാടകർക്കായുള്ള ഭക്ഷണക്രമീകരണമോ അഥവാ ഭക്ഷണ വൗച്ചറുകളോ ഉംറ വിസ പാക്കേജിന്റെ ഭാഗമാക്കാത്ത കമ്പനികൾക്ക് ഇനി മുതൽ പുതിയ സംവിധാനത്തിൽ വിസകൾ ഇഷ്യൂ ചെയ്യാൻ സാധിക്കില്ല. മൾട്ടിപ്പിൾ എൻട്രി ഉംറ വിസകൾ നൽകുന്ന കമ്പനികൾക്കും ഈ നിയമം ബാധകമാണ്. പുതിയ വ്യവസ്ഥകൾ പാലിച്ച് കാറ്ററിങ് സേവനങ്ങൾ ഉൾപ്പെടുത്തിയ ഏജൻസികൾ ഇതിനകം തന്നെ ഉംറ വിസകൾ ഇഷ്യൂ ചെയ്തു തുടങ്ങിയിട്ടുണ്ട്.

നിലവിൽ പാക്കേജ് അടിസ്ഥാനത്തിലാണ് ഏജൻസികൾ ഉംറ വിസകൾ നൽകി വരുന്നത്. അതിനാൽ കാറ്ററിങ് വിവരങ്ങളും ഇതിൽ കൃത്യമായി ഉൾപ്പെടുത്തിയിരിക്കണം. തീർഥാടകർക്കായി താമസവും യാത്രയും ബുക്ക് ചെയ്യുന്നത് പോലെ തന്നെ, ഭക്ഷണത്തിനായുള്ള പ്രത്യേക ബുക്കിംഗ് റഫറൻസ് നമ്പറും വിസ ലഭിക്കുന്നതിന് മുൻപായി സൗദി സർക്കാരിന്റെ ഔദ്യോഗിക ‘നുസുക്’ (Nusuk) പ്ലാറ്റ്‌ഫോം വഴി ലിങ്ക് ചെയ്യേണ്ടതുണ്ട്.

ഈ പദ്ധതി സുഗമമാക്കുന്നതിന്റെ ഭാഗമായി സൗദിയിലെ പതിനായിരത്തിലധികം റെസ്റ്റോറന്റുകളെ നുസുക് ആപ്ലിക്കേഷനുമായി ഇതിനകം ബന്ധിപ്പിച്ചിട്ടുണ്ട്. ഏജൻസികൾക്ക് പുറമെ, വ്യക്തിഗതമായി ഉംറ വിസകൾ നൽകുന്ന സ്ഥാപനങ്ങളും അംഗീകൃത കാറ്ററിങ് ഏജൻസിയെ തങ്ങളുടെ പാക്കേജിൽ ഉൾപ്പെടുത്തേണ്ടത് നിർബന്ധമാണ്.

നാളെ വാട്സാപ്പിലും
Follow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button