അനധികൃത ടാക്സി സർവീസ്: ഇന്ത്യക്കാരനുൾപ്പെടെ മൂന്ന് പ്രവാസികളെ നാടുകടത്താൻ സൗദിയുടെ ഉത്തരവ്

റിയാദ്: സൗദി അറേബ്യയിൽ ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങളിൽ അനധികൃത ടാക്സി സർവീസ് നടത്തിയ മൂന്ന് പ്രവാസികളെ നാടുകടത്താൻ റിയാദിലെ പ്രത്യേക സമിതി ഉത്തരവിട്ടു. പിടിയിലായവരിൽ ഒരു ഇന്ത്യക്കാരനും ഉൾപ്പെടുന്നു. നിയമലംഘനത്തിന് വൻതുക പിഴ ഈടാക്കിയ ശേഷമായിരിക്കും ഇവരെ രാജ്യത്ത് നിന്ന് പുറത്താക്കുക. ടാക്സി ലൈസൻസില്ലാത്ത സ്വന്തം വാഹനത്തിൽ ആളുകളെ കയറ്റി യാത്ര നടത്തുന്ന പ്രവാസികൾക്ക് ശക്തമായ മുന്നറിയിപ്പാണ് ഗതാഗത അതോറിറ്റിയുടെ ഈ നടപടി.
പിടിക്കപ്പെട്ട മൂന്ന് പ്രവാസികളിൽ നിന്നായി ആകെ 35,000 റിയാലാണ് പിഴയായി ഈടാക്കുന്നത്. ഇന്ത്യക്കാരനായ ഷാഫി നൂർ ഹസൻ, ഈജിപ്ത് സ്വദേശി മുഹമ്മദ് ഖാലിദ് എന്നിവർക്ക് 12,000 റിയാൽ വീതവും, ഛാഡ് സ്വദേശിയായ അബ്ദുറഹ്‌മാൻ മുഹമ്മദിന് 11,000 റിയാലുമാണ് പിഴ ചുമത്തിയിരിക്കുന്നത്. പിഴയടപ്പിച്ച ശേഷം മൂന്ന് പേരെയും സൗദിയിൽ നിന്ന് നാടുകടത്തും. സൗദി ലാൻഡ് ട്രാൻസ്പോർട്ട് നിയമപ്രകാരം നിയമലംഘകരുടെ പേരുകൾ പരസ്യപ്പെടുത്താനും ശിക്ഷാനടപടികൾ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്.
ആവശ്യമായ ഔദ്യോഗിക ലൈസൻസുകളോ പെർമിറ്റുകളോ ഇല്ലാതെ യാത്രക്കാരിൽ നിന്ന് പണം ഈടാക്കി സർവീസ് നടത്തുന്നത് സൗദി ലാൻഡ് ട്രാൻസ്പോർട്ട് നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്. സ്വന്തം പേരിലോ സുഹൃത്തുക്കളുടെ പേരിലോ ഉള്ള പ്രൈവറ്റ് പ്ലേറ്റ് വാഹനങ്ങൾ ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് ഗതാഗത അതോറിറ്റി വ്യക്തമാക്കി. വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അനധികൃതമായി യാത്രക്കാരെ വിളിച്ചുകയറ്റുന്നത് തടയാൻ അതോറിറ്റി നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
യാത്രക്കാരുടെ സുരക്ഷയും ഗതാഗത മേഖലയിലെ സേവന നിലവാരവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ കർശനമാക്കിയത്. വൻതുക പിഴയും നാടുകടത്തലും പോലുള്ള കടുത്ത ശിക്ഷാനടപടികൾ ഒഴിവാക്കുന്നതിനായി, അംഗീകൃതവും ലൈസൻസുള്ളതുമായ ഗതാഗത മാർഗ്ഗങ്ങൾ മാത്രം ഉപയോഗിക്കാൻ മുഴുവൻ പ്രവാസികളും ശ്രദ്ധിക്കണമെന്ന് സാമൂഹ്യപ്രവർത്തകരും അഭ്യർഥിച്ചു.



