Breaking NewsPravasi News

ഓർമകളുടെ പടിയിറക്കം: ദുബായിലെ പ്രശസ്തമായ ‘ടൊയോട്ട’ കെട്ടിടത്തിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നു

ദുബായ്: ഷെയ്ഖ് സായിദ് റോഡിലെ ചരിത്രപ്രസിദ്ധമായ ‘ടൊയോട്ട’ കെട്ടിടത്തിൽ (നാസർ റാഷിദ് ലൂത്ത ബിൽഡിങ്) നിന്നും താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ വേഗത്തിലാക്കി. ദുബായിലെ ഏറ്റവും പഴയതും പ്രശസ്തവുമായ റസിഡൻഷ്യൽ സമുച്ചയങ്ങളിലൊന്നായ ഈ ഐക്കണിക് കെട്ടിടം 2027-ൽ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായാണ് റിയൽ എസ്റ്റേറ്റ് വിഭാഗം ഒഴിപ്പിക്കൽ ഊർജിതമാക്കിയത്. നിലവിൽ 70 ശതമാനത്തോളം താമസക്കാരും ഇവിടെ നിന്നും സുരക്ഷിതമായ മറ്റു സ്ഥലങ്ങളിലേക്ക് മാറിക്കഴിഞ്ഞു.

കർശന നടപടിക്ക് കാരണം അനധികൃത പാർട്ടിഷനുകൾ

അനധികൃതമായി മുറികൾ തിരിച്ച് (പാർട്ടിഷൻ) ആളുകളെ താമസിപ്പിച്ചതാണ് പെട്ടെന്നുള്ള ഒഴിപ്പിക്കലിലേക്ക് നയിച്ചത്. ചില ഫ്ലാറ്റുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി പതിനഞ്ചോളം പേർ വരെ തിങ്ങിപ്പാർത്തിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായും ദുബായ് മുനിസിപ്പാലിറ്റിയുടെ കർശന നിർദേശത്തെ തുടർന്നും ഇത്തരം ഫ്ലാറ്റുകളിലെ വൈദ്യുതി ബന്ധം അധികൃതർ വിച്ഛേദിക്കുകയും താമസക്കാരോട് ഉടനടി ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയുമായിരുന്നു. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മിനിമാർട്ടുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും വരും ദിവസങ്ങളിൽ പ്രവർത്തനം അവസാനിപ്പിക്കും.

പ്രവാസികൾക്ക് ഇത് വേദനയോടെയുള്ള പറിച്ചുനടൽ

നിയമാനുസൃതമായി വാടകക്കരാറുള്ള താമസക്കാർക്ക് 2026 ഡിസംബർ വരെ കെട്ടിടത്തിൽ തുടരാൻ അനുമതിയുണ്ടെങ്കിലും ഭൂരിഭാഗം പേരും ഇതിനകം തന്നെ താമസം മാറിപ്പോയിട്ടുണ്ട്. വർഷങ്ങളായി ഇവിടെ കഴിഞ്ഞിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ ഇന്ത്യൻ കുടുംബങ്ങൾക്ക് ഇത് വേദനയോടെയുള്ള പടിയിറക്കമാണ്. ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട ലൊക്കേഷനിൽ (Prime Location) താരതമ്യേന കുറഞ്ഞ വാടകയ്ക്ക് ലഭിച്ചിരുന്ന ഒരു സുരക്ഷിത ഇടമാണ് ഇവർക്ക് നഷ്ടമാകുന്നത്.

ചരിത്രത്തിന്റെ ഭാഗമായ ഒരു ലാൻഡ്മാർക്ക്

1974-ൽ നിർമാണം പൂർത്തിയാക്കിയ 15 നിലകളുള്ള ഈ റസിഡൻഷ്യൽ സമുച്ചയം ഷെയ്ഖ് സായിദ് റോഡിലെ ആദ്യകാല നിർമിതികളിൽ ഒന്നാണ്. 1981-ൽ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച വലിയ ചുവപ്പ് നിറത്തിലുള്ള ‘ടൊയോട്ട’ നിയോൺ ബോർഡാണ് ഈ കെട്ടിടത്തിന് ജനപ്രിയമായ ആ പേര് നേടിക്കൊടുത്തത്. നഗരത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയുടെ ഓരോ ഘട്ടത്തിനും സാക്ഷ്യം വഹിച്ച ഈ ചരിത്രസൗധം പൊളിച്ചുമാറ്റുമ്പോൾ, ദുബായിലെ പ്രവാസി ഓർമകളുടെ ഒരു പ്രധാന അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്.

നാളെ വാട്സാപ്പിലും
Follow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button