Jobs & Visa UpdatesPravasi News

ഇന്ത്യൻ പ്രവാസികളുടെ ‘ഇസിആർ പാസ്‌പോർട്ട്’ യാത്ര: വീട്ടുജോലിക്കാരെ യുഎഇയിലേക്ക് കൊണ്ടുവരുമ്പോൾ അറിയേണ്ട പുതിയ നിയമങ്ങൾ

ഇന്ത്യയിൽ നിന്ന് ഇസിആർ (ECR – Emigration Check Required) പാസ്‌പോർട്ടുള്ള വീട്ടുജോലിക്കാരെ യുഎഇയിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും യുഎഇയും നിർണായക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. തൊഴിലുടമകളും ഗാർഹിക തൊഴിലാളികളും നിർബന്ധമായും പാലിച്ചിരിക്കേണ്ട നിയമങ്ങളും നടപടിക്രമങ്ങളുമാണ് വ്യക്തമാക്കിയിരിക്കുന്നത്. യുഎഇയിലെ ഗാർഹിക തൊഴിലാളികളുടെ നിയമനം 2022-ലെ 9-ാം നമ്പർ ഫെഡറൽ ഉത്തരവ് അനുസരിച്ചാണ് നിലവിൽ നിയന്ത്രിക്കുന്നത്.

തൊഴിലുടമയുടെ പ്രധാന ചുമതലകൾ തൊഴിലാളിക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യം, അനുയോജ്യമായ താമസം, ഭക്ഷണം, വസ്ത്രം എന്നിവ തൊഴിലുടമ ഉറപ്പാക്കണം. കൃത്യസമയത്ത് ശമ്പളം നൽകുന്നതിന് പുറമെ, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. തൊഴിലാളിയോട് തികഞ്ഞ മര്യാദയോടെ പെരുമാറണമെന്നും, തൊഴിൽ കരാർ കാലാവധി പൂർത്തിയാകുമ്പോൾ നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് ചെലവുകൾ തൊഴിലുടമ തന്നെ വഹിക്കണമെന്നും നിയമം നിഷ്കർഷിക്കുന്നു.

രജിസ്ട്രേഷൻ നടപടികൾ എങ്ങനെ?

  • ഇ-മൈഗ്രന്റ് പോർട്ടൽ: ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിനായി ആദ്യം ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക പോർട്ടലായ www.emigrate.gov.in വഴി ഇ-മൈഗ്രന്റിൽ (eMigrate) രജിസ്റ്റർ ചെയ്യണം.
  • ഇതിൽ തൊഴിലുടമയുടെയും തൊഴിലാളിയുടെയും വിവരങ്ങൾ നൽകി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന് അപേക്ഷ സമർപ്പിക്കാം.
  • രേഖകൾ സാക്ഷ്യപ്പെടുത്തൽ: രജിസ്ട്രേഷന് ശേഷം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലോ അവർ ചുമതലപ്പെടുത്തിയ കേന്ദ്രങ്ങളിലോ എത്തി രേഖകൾ സാക്ഷ്യപ്പെടുത്തണം.
  • വീട്ടുജോലിക്കാരനുമായി യാതൊരുവിധ ബന്ധുത്വവുമില്ല എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലത്തിൽ (അഫിഡവിറ്റ്) സ്പോൺസർ ഒപ്പുവെക്കുകയും ഇത് കോൺസുലേറ്റ് സാക്ഷ്യപ്പെടുത്തുകയും വേണം.

എൻട്രി പെർമിറ്റും ആവശ്യമായ രേഖകളും തദ്ബീർ (Tadbeer) ഉൾപ്പെടെ മന്ത്രാലയം അംഗീകരിച്ച സേവന കേന്ദ്രങ്ങൾ വഴിയാണ് എൻട്രി പെർമിറ്റിനായി അപേക്ഷിക്കേണ്ടത്. ഇതിനായി താഴെ പറയുന്ന രേഖകൾ ആവശ്യമാണ്:

  • തൊഴിലുടമയുടെയും പങ്കാളിയുടെയും പാസ്‌പോർട്ട്, വീസ, എമിറേറ്റ്സ് ഐഡി എന്നിവയുടെ പകർപ്പുകൾ.
  • വീട്ടുജോലിക്കാരന്റെ പാസ്‌പോർട്ട് പകർപ്പും വെള്ള പശ്ചാത്തലത്തിലുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോയും.
  • ഇന്ത്യയിലും യുഎഇയിലും സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റ്.
  • കുറഞ്ഞത് രണ്ട് ബെഡ്‌റൂമുകളുള്ള വീടിന്റെ വാടകക്കരാറും (ഇജാറി) അല്ലെങ്കിൽ വീടിന്റെ ഉടമസ്ഥതാ സർട്ടിഫിക്കറ്റും, കറന്റ്-വാട്ടർ (DEWA) ബില്ലും.
  • ബാങ്ക് സ്റ്റേറ്റ്‌മെന്റ്, തൊഴിൽ കരാർ, ശമ്പള സർട്ടിഫിക്കറ്റ് (സ്വന്തമായി ബിസിനസ് ചെയ്യുന്നവരാണെങ്കിൽ ട്രേഡ് ലൈസൻസ് പകർപ്പ്).

യാത്രയ്ക്ക് മുൻപും ശേഷവുമുള്ള നടപടികൾ ദുബായ് ജിഡിആർഎഫ്എ (GDRFA) നൽകുന്ന എൻട്രി പെർമിറ്റും ഓഫർ ലെറ്ററും ലഭിച്ച ശേഷം ഇവ ഇന്ത്യയിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സിന് (POE) സമർപ്പിച്ച് എമിഗ്രേഷൻ ക്ലിയറൻസ് നേടണം. ഇതിനുശേഷം മാത്രമേ യുഎഇയിലേക്ക് യാത്ര ചെയ്യാൻ സാധിക്കൂ.

യുഎഇയിൽ എത്തി രണ്ടാഴ്ചയ്ക്കുള്ളിൽ (14 ദിവസത്തിനുള്ളിൽ) സ്പോൺസർ തൊഴിലാളിയെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നേരിട്ട് എത്തിച്ച് ‘എൻട്രി ഇന്റർവ്യൂ’വിന് വിധേയനാക്കണം. തുടർന്ന് തൊഴിൽ കരാറിൽ ഒപ്പുവയ്ക്കുകയും, മെഡിക്കൽ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി ആരോഗ്യ ഇൻഷുറൻസും എമിറേറ്റ്സ് ഐഡിയും എടുത്തു നൽകുകയും ചെയ്യേണ്ടതാണ്.

നാളെ വാട്സാപ്പിലും
Follow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button