കുവൈത്ത് എയർവേയ്‌സ് ഇനി പൂർണമായും സർക്കാർ ഉടമസ്ഥതയിൽ; ലക്ഷ്യമിടുന്നത് വൻ വികസനം

കുവൈത്ത് സിറ്റി: കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്‌സിനെ പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഷെയർഹോൾഡിങ് കമ്പനിയാക്കി മാറ്റി. കമ്പനിയുടെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പ്രവർത്തന മികവും ദീർഘകാല വളർച്ചയും ഉറപ്പുവരുത്തുന്നതിനുമായാണ് ഈ പുതിയ നിയമഭേദഗതി നടപ്പിലാക്കിയിരിക്കുന്നത്. കമ്പനീസ് നിയമത്തിന്റെ പരിധിയിലേക്ക് വിമാനക്കമ്പനിയെ കൊണ്ടുവരുന്നതിലൂടെ ഭാവി വികസനത്തിന് കൂടുതൽ കരുത്തുറ്റതും ആധുനികവുമായ നിയമ ചട്ടക്കൂട് ലഭിക്കുമെന്ന് കുവൈത്ത് എയർവേയ്‌സ് ചെയർമാൻ അബ്ദുൽമുഹ്‌സിൻ സാലിം അൽ ഫഗാൻ പറഞ്ഞു. ആഗോള വ്യോമയാന രംഗത്തെ അതിവേഗ മാറ്റങ്ങൾക്ക് അനുസരിച്ച് കുവൈത്ത് എയർവേയ്‌സിനെ ആധുനികവത്കരിക്കാനുള്ള രാജ്യത്തിന്റെ ഉറച്ച തീരുമാനമാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത്.
പുതിയ സംവിധാനം വരുന്നതോടെ ഭരണപരവും പ്രവർത്തനപരവുമായ തീരുമാനങ്ങൾ അതിവേഗം കൈക്കൊള്ളാനും പദ്ധതികൾ വേഗത്തിൽ നടപ്പാക്കാനും സാധിക്കും. മാത്രമല്ല, ആഗോള വിപണിയിലെ മാറ്റങ്ങളോട് പെട്ടെന്ന് പ്രതികരിക്കാനും പുതിയ ഘടന വിമാനക്കമ്പനിയെ സഹായിക്കും. ഇതിലൂടെ കമ്പനിയുടെ ഭരണനിർവഹണം, തന്ത്രപരമായ ആസൂത്രണം, പ്രവർത്തനക്ഷമത എന്നിവ പുതിയ തലത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
കമ്പനി നിലവിൽ നേരിടുന്ന സാമ്പത്തിക നഷ്ടങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളും ഇതോടൊപ്പം ഊർജിതമാക്കും. ഇതിനായി പ്രവർത്തനമികവ് കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. കൂടാതെ യാത്രക്കാരുടെ വർധിക്കുന്ന ആവശ്യം, ഇന്ധനവില, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ തുടങ്ങിയ ബാഹ്യ ഘടകങ്ങളും കമ്പനിയുടെ ഭാവി മുന്നേറ്റത്തിൽ നിർണായകമാകുമെന്ന് ചെയർമാൻ വ്യക്തമാക്കി.




