Pravasi News

സിറിഞ്ച് രൂപത്തിലുള്ള സൗന്ദര്യവർധക ഉൽപന്നങ്ങൾക്ക് സൗദിയിൽ നിരോധനം; 2027 മുതൽ പ്രാബല്യത്തിൽ

റിയാദ്: സൗന്ദര്യവർധക ഉൽപന്നങ്ങൾ മരുന്നുകളെന്ന വ്യാജേന വിപണിയിൽ വിറ്റഴിക്കുന്നത് തടയാൻ കർശന നടപടികളുമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA). ഇൻജക്ഷൻ സിറിഞ്ചുകൾ, മെഡിക്കൽ ആംപ്യൂളുകൾ തുടങ്ങിയ മരുന്നുകളോട് സാദൃശ്യമുള്ള രൂപത്തിൽ പാക്ക് ചെയ്ത് എത്തുന്ന കോസ്‌മെറ്റിക് ഉൽപന്നങ്ങളുടെ വിപണനത്തിനാണ് അതോറിറ്റി പൂർണ നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കൾ ഇവ ഇൻജക്ഷനാണെന്ന് തെറ്റിദ്ധരിക്കുന്നത് ഒഴിവാക്കാനും, ഇത്തരം ഉൽപന്നങ്ങൾ ബാഹ്യ ഉപയോഗത്തിന് മാത്രമുള്ളതാണെന്ന് ഉറപ്പുവരുത്താനുമാണ് ഈ സുപ്രധാന തീരുമാനം. പുതിയ നിയന്ത്രണങ്ങൾ 2027 ജനുവരി 1 മുതൽ രാജ്യത്ത് പൂർണമായി പ്രാബല്യത്തിൽ വരും.

ആംപ്യൂളുകളായോ മെഡിക്കൽ വയലുകളായോ വിൽപന നടത്തുന്ന മറ്റ് ഉൽപന്നങ്ങൾക്കും അതോറിറ്റി കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവയുടെ പാക്കിങ്ങുകളിൽ അറബിയിലും ഇംഗ്ലീഷിലും വ്യക്തമായി ചില മുന്നറിയിപ്പുകൾ രേഖപ്പെടുത്തിയിരിക്കണം. ‘ബാഹ്യ ഉപയോഗത്തിന് മാത്രം’, ‘കുത്തിവെക്കാൻ പാടില്ല’, ‘കണ്ണുകളിൽ പടരുന്നത് ഒഴിവാക്കുക’, ‘ശ്രദ്ധയോടെ തുറക്കുക’ തുടങ്ങിയ കാര്യങ്ങളാണ് ഉൽപന്നത്തിന് പുറത്ത് നിർബന്ധമായും നൽകേണ്ടത്. കൂടാതെ, ഉൽപന്നങ്ങളുടെ പരസ്യങ്ങളിലോ പ്രചാരണങ്ങളിലോ ഇവ ചർമത്തിലേക്ക് കുത്തിവെച്ച് ഉപയോഗിക്കാവുന്നതാണെന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന യാതൊരുവിധ സൂചനകളും നൽകാൻ പാടില്ലെന്നും അതോറിറ്റി കർശനമായി നിർദേശിക്കുന്നു.

നിലവിൽ സിറിഞ്ച് രൂപത്തിലോ നിബന്ധനകൾ പാലിക്കാതെയോ വിപണിയിലുള്ള ഉൽപന്നങ്ങൾ പിൻവലിക്കാനും പുതിയ ക്രമീകരണങ്ങൾ പൂർത്തിയാക്കാനും നിർമാതാക്കൾക്കും വിതരണക്കാർക്കും 2026 ഡിസംബർ 31 വരെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഈ ഇളവ് കാലാവധിക്ക് ശേഷം പുതിയ നിബന്ധനകൾ പാലിക്കാത്ത ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും എതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

നാളെ വാട്സാപ്പിലും
Follow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button