ട്രെയിൻ ഇറങ്ങിയാൽ ഇനി നേരെ കാറിലേക്ക്; ഇത്തിഹാദ് റെയിൽ യാത്രക്കാർക്കായി ‘റെയിൽ ടു റോഡ്’ പദ്ധതിക്ക് തുടക്കം

അബുദാബി: ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കാർ വാടകയ്ക്ക് എടുക്കാവുന്ന ‘റെയിൽ ടു റോഡ്’ (Rail to Road) പദ്ധതിക്ക് തുടക്കമായി. പ്രമുഖ കാർ റെന്റൽ കമ്പനിയായ ‘ത്രിഫ്റ്റി’യുമായി (Thrifty) സഹകരിച്ചാണ് അബുദാബി, ഫുജൈറ റെയിൽവേ സ്റ്റേഷനുകളിൽ ഈ നൂതന സേവനം ആരംഭിച്ചിരിക്കുന്നത്. യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി ഇത്തിഹാദ് റെയിലും ത്രിഫ്റ്റിയും തമ്മിൽ അഞ്ച് വർഷത്തെ പങ്കാളിത്ത കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്.
പ്രതിദിനം 80 ദിർഹം മുതൽ 200 ദിർഹം വരെയാണ് കാറുകളുടെ വാടക നിരക്ക്. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യമില്ല എന്നതും കാർ തിരികെ നൽകുമ്പോൾ ഇന്ധനം നിറയ്ക്കേണ്ടതില്ല എന്നതുമാണ് ഈ സേവനത്തിന്റെ പ്രധാന ആകർഷണം. ഓരോ പാക്കേജിലും ഇന്ധനച്ചെലവും 60 കിലോമീറ്റർ വരെയുള്ള സൗജന്യ ഡ്രൈവിംഗ് പരിധിയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ദൂരം സഞ്ചരിക്കേണ്ടവർക്ക് ചെറിയ അധിക തുക നൽകി ഈ പരിധി വർദ്ധിപ്പിക്കാനും സാധിക്കും. ട്രെയിൻ സമയത്തിൽ മാറ്റങ്ങൾ വന്നാലും യാത്രക്കാരെ ബാധിക്കാത്ത രീതിയിൽ 24 മണിക്കൂർ അടിസ്ഥാനത്തിലാണ് റെന്റൽ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.
ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക ബുക്കിംഗ് ആപ്പിലൂടെ ടിക്കറ്റ് എടുക്കുന്ന സമയത്ത് തന്നെ കാർ റെന്റൽ സേവനവും തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. ഇതിനുപുറമെ യാത്രയ്ക്ക് മുൻപായോ അല്ലെങ്കിൽ നേരിട്ട് സ്റ്റേഷനിൽ എത്തിയ ശേഷമോ കാറുകൾ ബുക്ക് ചെയ്യാം. മുൻകൂർ ബുക്കിംഗ് നിർബന്ധമില്ലാത്തതിനാൽ നേരിട്ടെത്തുന്ന യാത്രക്കാർക്കും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ 500-ഓളം കാറുകളുടെ വിപുലമായ ശൃംഖലയാണ് സ്റ്റേഷനുകളിൽ സജ്ജമാക്കിയിട്ടുള്ളത്.
വാഹനം എടുത്ത സ്റ്റേഷനിൽ തന്നെ തിരികെ നൽകുക എന്നതാണ് വ്യവസ്ഥയെങ്കിലും, ചെറിയൊരു അധിക തുക നൽകിയാൽ യുഎഇയിലെ മറ്റ് ത്രിഫ്റ്റി സെന്ററുകളിലും വാഹനം ഏൽപ്പിക്കാൻ സാധിക്കും. പുതിയ സേവനം വരുന്നതോടെ ഇത്തിഹാദ് റെയിൽ യാത്രികർക്ക് സ്റ്റേഷനിൽ വന്നിറങ്ങിയ ശേഷം തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സുഗമമായി എത്തിച്ചേരാൻ സാധിക്കും.



