ലൈസൻസില്ലാത്ത ആപ്പുകൾ വഴി വിദേശത്തേക്ക് അനധികൃതമായി പണമയച്ചു; ഒമാനിൽ ഏഷ്യൻ പ്രവാസി അറസ്റ്റിൽ

മസ്‌കത്ത്: ലൈസൻസില്ലാത്ത മൊബൈൽ ആപ്പുകൾ വഴി പ്രവാസി തൊഴിലാളികൾക്കായി വിദേശത്തേക്ക് പണമയച്ച ഏഷ്യൻ പൗരൻ ഒമാനിൽ അറസ്റ്റിലായി. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് ഇയാൾ അനധികൃതമായി അന്താരാഷ്ട്ര പണമിടപാടുകൾ നടത്തിയതെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
അൽ ബുറൈമി ഗവർണറേറ്റ് പോലീസ് കമാൻഡാണ് പ്രതിയെ പിടികൂടിയതെന്ന് ആർ.ഒ.പി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. നിരവധി പ്രവാസി തൊഴിലാളികൾക്ക് വേണ്ടി ഇയാൾ അനധികൃതമായി ഇത്തരം സേവനങ്ങൾ നൽകിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ, അറസ്റ്റിലായ വ്യക്തി ഏത് രാജ്യക്കാരനാണെന്നോ, എത്ര പേർക്ക് വേണ്ടി പണമയച്ചെന്നോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇതിന് പുറമെ കൈമാറ്റം ചെയ്യപ്പെട്ട തുകയുടെ കണക്കുകൾ, പണം അയച്ച രാജ്യങ്ങൾ, ഇടപാടിനായി ഉപയോഗിച്ച ആപ്പുകൾ എന്നിവ സംബന്ധിച്ച വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതിക്കെതിരായ തുടർന്നുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പോലീസ് കൂട്ടിച്ചേർത്തു.



