ഇത്തിഹാദ് റെയിലിൽ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്: യാത്രാ മാർഗ്ഗനിർദ്ദേശങ്ങളും നിരോധിത വസ്തുക്കളുടെ വിവരങ്ങളും പുറത്തിറക്കി

ദുബായ്: ഇത്തിഹാദ് റെയിലിലെ യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി യാത്രക്കാർ പാലിക്കേണ്ട കർശന മാർഗ്ഗനിർദ്ദേശങ്ങൾ അധികൃതർ പുറത്തിറക്കി. സുരക്ഷാ പരിശോധനകൾ മുതൽ ലഗേജ് പരിധി വരെ വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ടിൽ, ട്രെയിനിൽ കൊണ്ടുപോകാൻ പാടുള്ളതും പാടില്ലാത്തതുമായ വസ്തുക്കളുടെ പട്ടികയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കർശനമായ അച്ചടക്കവും സുരക്ഷാ പരിശോധനകളും
സ്റ്റേഷനുകളിലും ട്രെയിനുകളിലും യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പരിശോധനകൾ കർശനമാക്കും. സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഉച്ചത്തിൽ പാട്ട് വെക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾക്ക് കർശന വിലക്കുണ്ട്. നിയമം ലംഘിക്കുന്നവരോട് ഉപകരണങ്ങൾ ഓഫാക്കാനോ ഹെഡ്‌ഫോൺ ഉപയോഗിക്കാനോ ജീവനക്കാർ ആവശ്യപ്പെടും. ആവർത്തിച്ചാൽ അടുത്ത സ്റ്റേഷനിൽ വെച്ച് യാത്രക്കാരനെ പുറത്താക്കാൻ വരെ ഇത്തിഹാദ് റെയിൽ ഓപ്പറേറ്റർമാർക്ക് അധികാരമുണ്ടായിരിക്കും.
ട്രെയിനിൽ പൂർണ്ണമായി നിരോധിച്ചിട്ടുള്ള വസ്തുക്കൾ
യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന താഴെ പറയുന്ന വസ്തുക്കൾ ട്രെയിനിൽ കൊണ്ടുവരുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു:
- സ്ഫോടകവസ്തുക്കളും ആയുധങ്ങളും: പടക്കം, വെടിമരുന്ന്, തോക്ക്, കത്തി തുടങ്ങിയവ (അംഗീകൃത സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇതിൽ ഇളവുണ്ട്).
- അപകടകരമായ രാസവസ്തുക്കൾ: പെട്രോൾ, പെയിൻ്റ് തിന്നർ, കംപ്രസ്ഡ് ഗ്യാസ് സിലിണ്ടറുകൾ, എയറോസോൾ ക്യാനുകൾ എന്നിവ.
- ലഹരിവസ്തുക്കൾ: മയക്കുമരുന്നുകൾ, കൂടാതെ നിയമപരമായി വാങ്ങിയതോ സീൽ ചെയ്തതോ ആയ എല്ലാത്തരം മദ്യങ്ങളും.
- പുകവലി ഉപകരണങ്ങൾ: ഇ-സിഗരറ്റുകൾ, വേപ്പിങ് ഉപകരണങ്ങൾ, ഇലക്ട്രോണിക് ഷീഷ.
- വാഹനങ്ങൾ: ഇ-സ്കൂട്ടറുകൾ, സാധാരണ സൈക്കിളുകൾ (മടക്കാവുന്നവ ഉൾപ്പെടെ), മറ്റ് വ്യക്തിഗത ഗതാഗത ഉപകരണങ്ങൾ.
- വലിയ ലഗേജുകളും കായിക ഉപകരണങ്ങളും: ഗോൾഫ് ക്ലബ്ബുകൾ, സർഫ് ബോർഡുകൾ, വലിയ സംഗീതോപകരണങ്ങൾ, യാത്രക്കാർക്ക് വഴി തടസ്സമുണ്ടാക്കുന്ന വലിയ പെട്ടികൾ.
- മറ്റ് വിലക്കുകൾ: ദുർഗന്ധം വമിക്കുന്ന വസ്തുക്കൾ, ചെടികൾ, കസ്റ്റംസ് വിലക്കിയ ഉൽപ്പന്നങ്ങൾ, വാണിജ്യാവശ്യങ്ങൾക്കുള്ള വൻതോതിലുള്ള സാധനങ്ങൾ.
നിബന്ധനകളോടെ അനുവദനീയമായവ
- ലഗേജ് പരിധി: ടിക്കറ്റ് ഏത് ക്ലാസിലായാലും പരമാവധി രണ്ട് ലഗേജുകൾ വരെ സൗജന്യമായി കൊണ്ടുപോകാം. ഹാൻഡ് ബാഗുകളും ലാപ്ടോപ്പ് ബാഗുകളും സീറ്റിനടിയിലാണ് സൂക്ഷിക്കേണ്ടത്. കാരി-ഓൺ ബാഗുകളുടെ പരമാവധി അളവ് 55cm × 40cm × 23cm ആയിരിക്കണം (ഇവ ഓവർഹെഡ് റാക്കുകളിൽ വെക്കാം). കൂടുതൽ ലഗേജ് ആവശ്യമുള്ളവർ വെബ്സൈറ്റ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ സ്റ്റേഷൻ വഴി മുൻകൂട്ടി അപേക്ഷിക്കണം.
- വളർത്തുമൃഗങ്ങൾ: 55cm × 40cm × 23cm അളവിലുള്ള അംഗീകൃത കൂടുകളിൽ വളർത്തുനായ്ക്കൾ, പരുന്തുകൾ എന്നിവയെ കൊണ്ടുപോകാം. എന്നാൽ മൃഗങ്ങളെ കൊണ്ടുപോകുന്നവർക്ക് പ്രത്യേകം കാരി-ഓൺ ബാഗ് അനുവദിക്കില്ല (മൃഗങ്ങളെ വെച്ചിരിക്കുന്ന കൂട് കാരി-ഓൺ ലഗേജായി കണക്കാക്കും). യാത്രാവേളയിൽ ഇവയെ ഒരു കാരണവശാലും കൂട്ടിൽ നിന്ന് പുറത്തിറക്കാൻ പാടില്ല. അസിസ്റ്റൻസ് നായ്ക്കൾക്ക് മുൻകൂർ ബുക്കിങ്ങിലൂടെ യാത്രാനുമതി ലഭിക്കും.
- വീൽചെയറുകളും മെഡിക്കൽ ഉപകരണങ്ങളും: അംഗീകൃത ബാറ്ററിയുള്ള ഇലക്ട്രിക് വീൽചെയറുകൾക്കും മറ്റ് മെഡിക്കൽ ഉപകരണങ്ങൾക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ മുൻകൂട്ടി സീറ്റ് റിസർവ് ചെയ്യേണ്ടതാണ്.
- കുട്ടികളുടെ സ്ട്രോളറുകൾ: എളുപ്പത്തിൽ മടക്കിവെക്കാൻ സാധിക്കുന്ന ഒരു സ്ട്രോളർ കൊണ്ടുപോകാൻ അനുമതിയുണ്ട്.
നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.




