ആകാശയാത്രയിലും ഇനി ഓണമുണ്ണാം; ഗൾഫ് യാത്രക്കാർക്കായി ഓണസദ്യയൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: മലയാളികൾക്ക് ആകാശയാത്രയിലും ഓണമുണ്ണാൻ അവസരമൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. ശനിയാഴ്ച മുതൽ ഈ മാസം അവസാനം വരെ കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും, ഗൾഫിൽ നിന്ന് കേരളത്തിലേക്കും യാത്ര ചെയ്യുന്നവർക്കാണ് ഈ പ്രത്യേക സൗകര്യം പ്രയോജനപ്പെടുത്താനാകുക.
യാത്ര പുറപ്പെടുന്നതിന് 18 മണിക്കൂർ മുൻപ് വരെ യാത്രക്കാർക്ക് ഓണസദ്യ ബുക്ക് ചെയ്യാവുന്നതാണ്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്ലിക്കേഷനിലൂടെയോ ഇതിനായുള്ള ബുക്കിങ് സൗകര്യം ലഭ്യമാണ്.
തികച്ചും വിഭവസമൃദ്ധമായാണ് എയർ ഇന്ത്യ യാത്രക്കാർക്കായി സദ്യ ഒരുക്കുന്നത്. കേരളത്തനിമ വിളിച്ചോതുന്ന കസവുകര ഡിസൈനിലുള്ള പ്രത്യേക പാക്കറ്റുകളിലാകും സദ്യ യാത്രക്കാരുടെ കൈകളിൽ എത്തുക. 500 രൂപയാണ് ഒരു സദ്യയുടെ വില.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ഈ ഓണസദ്യയുടെ ഔദ്യോഗിക ലോഞ്ചിങ് ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് നിർവഹിച്ചു. ചടങ്ങിൽ എയർ ഇന്ത്യയുടെ മാർക്കറ്റിങ്, ഇ-കൊമേഴ്സ്, ലോയൽറ്റി വിഭാഗം മേധാവി സുനിൽ സുരേഷും സന്നിഹിതനായിരുന്നു.



