Finance & Investment

₹500 കോടി സമാഹരിക്കാന്‍ ഇന്‍ഡല്‍ മണി: എൻ.സി.ഡി ഇഷ്യൂ ഓഗസ്റ്റ് 18 മുതല്‍, നിക്ഷേപം ₹10,000 രൂപയിൽ തുടങ്ങാം

പ്രമുഖ നോണ്‍ ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ (NBFC) ഇന്‍ഡല്‍ മണി ലിമിറ്റഡ് (Indel Money Limited) 500 കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ നോണ്‍ കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകളുടെ (NCD) പബ്ലിക് ഇഷ്യൂ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 18-ന് ആരംഭിക്കുന്ന ഇഷ്യൂ ഓഗസ്റ്റ് 31-ന് അവസാനിക്കും. ആവശ്യമായ അനുമതികൾ ലഭ്യമാകുന്ന പക്ഷം ഇഷ്യൂ നേരത്തെ അവസാനിപ്പിക്കാനും കമ്പനിക്ക് വ്യവസ്ഥയുണ്ട്.

ഇന്ത്യ റേറ്റിംഗ്‌സിന്റെ ‘IND A-/Stable’ ക്രെഡിറ്റ് റേറ്റിംഗ് ഉള്ള ഇവ പൂർണ്ണമായും സുരക്ഷിതമായ റിഡീമബിള്‍ ഡിബഞ്ചറുകളാണ്. ബി.എസ്.ഇയിൽ (BSE) ലിസ്റ്റ് ചെയ്യുന്ന ഈ ഇഷ്യൂവില്‍ അപേക്ഷിക്കാന്‍ കുറഞ്ഞത് 10,000 രൂപ (10 എൻ.സി.ഡികൾ) നിക്ഷേപിക്കണം. തുടർന്ന് 1,000 രൂപയുടെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപം വർദ്ധിപ്പിക്കാവുന്നതാണ്. 400 ദിവസം മുതല്‍ 72 മാസം വരെയാണ് നിക്ഷേപ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഇതിലൂടെ നിക്ഷേപകര്‍ക്ക് വിവിധ ഓപ്ഷനുകളിലായി പ്രതിവര്‍ഷം 12.25 ശതമാനം വരെ മികച്ച വരുമാനം (Effective Yield) സ്വന്തമാക്കാൻ സാധിക്കും.

250 കോടി രൂപയാണ് ഇഷ്യൂവിന്റെ അടിസ്ഥാന വലുപ്പം. ഇതിനുപുറമെ 250 കോടി രൂപയുടെ അധിക സബ്സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനുള്ള ഗ്രീന്‍ഷൂ ഓപ്ഷനും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതോടെ മൊത്തം സമാഹരണം 500 കോടി രൂപ വരെയാകാം. ട്രസ്റ്റ് ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സ്, നുവാമ വെല്‍ത്ത് മാനേജ്മെന്റ്, ഐ.ഡി.ബി.ഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ആന്‍ഡ് സെക്യൂരിറ്റീസ് എന്നിവരാണ് ഈ ഇഷ്യൂവിന്റെ ലീഡ് മാനേജര്‍മാര്‍.

ഇഷ്യൂവിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും പുതിയ വായ്പകള്‍ നല്‍കുന്നതിനും, നിലവിലുള്ള കടബാധ്യതകൾ റീഫിനാൻസ് ചെയ്യുന്നതിനും, വായ്പകളുടെ പലിശയും മുതലും തിരിച്ചടയ്ക്കുന്നതിനുമായി വിനിയോഗിക്കും. ഇതിന് പുറമെ മൊത്തം സമാഹരണ തുകയുടെ പരമാവധി 25 ശതമാനം വരെ പൊതുവായ കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി. മുന്‍കാല എൻ.സി.ഡി ഇഷ്യൂകൾക്ക് നിക്ഷേപകരിൽ നിന്നും വിപണിയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും പുതിയ ഇഷ്യൂവിനും സമാനമായ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്‍ഡല്‍ മണി എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഉമേഷ് മോഹനന്‍ വ്യക്തമാക്കി.

സാമ്പത്തിക രംഗത്ത് മികച്ച പ്രകടനമാണ് കമ്പനി കാഴ്ചവെക്കുന്നത്. 2026 സാമ്പത്തികവര്‍ഷത്തിൽ 605.96 കോടി രൂപയുടെ വരുമാനവും 123.97 കോടി രൂപയുടെ അറ്റാദായവും നേടാന്‍ ഇന്‍ഡല്‍ മണിക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ 12 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി കമ്പനിക്ക് 397 ശാഖകളാണുള്ളത്. ഗ്രാമീണ-അര്‍ധനഗര മേഖലകളിലെ കര്‍ഷകര്‍, വ്യാപാരികൾ, ശമ്പളജീവികള്‍ തുടങ്ങിയവരാണ് പ്രധാന ഗോൾഡ് ലോൺ ഉപഭോക്താക്കൾ.

നാളെ വാട്സാപ്പിലും
Follow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button