പ്രവാസികൾക്ക് ആശ്വാസമായി ‘നോര്‍ക്ക കെയര്‍ പ്ലസ്’ ആരോഗ്യ ഇൻഷുറൻസ്; എന്റോൾമെന്റ് ആരംഭിച്ചു, അറിയേണ്ടതെല്ലാം

തിരുവനന്തപുരം: പ്രവാസി മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്സ് നടപ്പിലാക്കുന്ന ‘നോർക്ക കെയർ പ്ലസ്’ സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെയാണ് പദ്ധതിയിൽ ചേരാൻ അവസരമുള്ളത്. വിദേശരാജ്യങ്ങളിലുള്ളവർക്ക് പുറമെ കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന നോൺ റെസിഡന്റ് കേരളൈറ്റുകൾക്കും (NRK) ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ പ്രവാസികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ഇത്രയും വിപുലമായൊരു സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതെന്ന് നോർക്കാ റൂട്ട്സ് സി.ഇ.ഒ രാജേഷ് മാധവൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
- വിവിധ സ്ലാബുകൾ: 5 ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, 1 കോടി രൂപ എന്നിങ്ങനെ 7 വ്യത്യസ്ത സ്ലാബുകളിൽ പോളിസി ലഭ്യമാണ്.
- കുടുംബത്തിന് പരിരക്ഷ: പോളിസി ഉടമയുടെയോ പങ്കാളിയുടെയോ 80 വയസ്സുവരെയുള്ള മാതാപിതാക്കളെയും ഇൻഷുറൻസിൽ ഉൾപ്പെടുത്താം.
- അപകട ഇൻഷുറൻസ്: 10 ലക്ഷം മുതൽ 1 കോടി രൂപ വരെയുള്ള പോളിസികൾ എടുക്കുന്നവർക്ക്, ഇൻഷുറൻസ് തുകയ്ക്ക് തുല്യമായ തുക ‘ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് പരിരക്ഷ’യായി ഐ.ഡി കാർഡ് ഉടമയ്ക്ക് (പ്രൈമറി മെമ്പർക്ക്) ലഭിക്കും.
- അർഹത: നോർക്ക പ്രവാസി ഐ.ഡി, വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റുഡന്റ് ഐ.ഡി, എൻ.ആർ.കെ ഐ.ഡി കാർഡ് എന്നിവയുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹത.
- അപ്‌ഗ്രേഡേഷൻ: നിലവിൽ നോർക്ക കെയർ പദ്ധതിയിൽ ഉള്ളവർക്ക് നോർക്ക കെയർ പ്ലസിലേക്ക് (10 ലക്ഷമോ അതിനു മുകളിലോ ഉള്ള സ്ലാബുകളിലേക്ക്) മാറാൻ സാധിക്കും.
24,000 ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സ പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിലെ 618 ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 24,000-ത്തോളം ആശുപത്രികളിൽ പദ്ധതി പ്രകാരം ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭ്യമാണ്.
227 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു 2026 മാർച്ചിൽ ആരംഭിച്ച നോർക്ക കെയർ പ്ലസിന്റെ ഏപ്രിൽ 12 വരെ നടന്ന ആദ്യഘട്ടത്തിൽ 32,000 പ്രവാസി കുടുംബങ്ങൾ അംഗങ്ങളായി. 5 ലക്ഷം രൂപ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപ അപകട പരിരക്ഷയും നൽകുന്ന നോർക്ക കെയർ പദ്ധതിയുടെ ആദ്യഘട്ടത്തിൽ (2025 സെപ്റ്റംബർ 22 മുതൽ നവംബർ 30 വരെ) 136 രാജ്യങ്ങളിൽ നിന്നായി 1,32,034 കുടുംബങ്ങൾ അംഗങ്ങളായിട്ടുണ്ട്. അഞ്ച് ലക്ഷത്തോളം പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.
2026 ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം, നോർക്ക കെയർ, നോർക്ക കെയർ പ്ലസ് പദ്ധതികളിലൂടെ 31,660 ക്ലെയിമുകൾ വഴി 227 കോടിയിലധികം രൂപയുടെ ധനസഹായം പ്രവാസികൾക്ക് നൽകിയതായും നോർക്ക സി.ഇ.ഒ അറിയിച്ചു.



