പ്രവാസികൾക്ക് ഇനി പരാതികൾ ഓൺലൈനായി സമർപ്പിക്കാം; എൻ.ആർ.ഐ കമ്മീഷന്റെ നവീകരിച്ച വെബ്സൈറ്റ് സജ്ജമായി

തിരുവനന്തപുരം: പ്രവാസി മലയാളികൾക്കും അവരുടെ ആശ്രിതർക്കും ഇനിമുതൽ പരാതികൾ വേഗത്തിൽ ഓൺലൈനായി സമർപ്പിക്കാം. ഇതിനായി സജ്ജമാക്കിയ പ്രവാസി ഭാരതീയ (കേരളീയ) കമ്മീഷന്റെ നവീകരിച്ച വെബ്സൈറ്റും ഓൺലൈൻ പരാതി പരിഹാര സംവിധാനവും മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പ്രവാസി മലയാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക, ആവശ്യമായ പരിഹാരമാർഗങ്ങൾ നിർദേശിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2015-ലെ പ്രവാസി ഭാരതീയ (കേരളീയ) കമ്മീഷൻ ആക്ട് പ്രകാരമാണ് ഈ കമ്മീഷൻ രൂപീകരിച്ചിട്ടുള്ളത്.
പുതിയ സംവിധാനം പൂർണ്ണസജ്ജമായതോടെ ലോകത്തിന്റെ ഏത് കോണിലിരുന്നും പ്രവാസികൾക്ക് കമ്മീഷനുമായി നേരിട്ട് ബന്ധപ്പെടാനും പരാതികൾ അറിയിക്കാനും സാധിക്കും. https://nricommission.kerala.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഓൺലൈനായി പരാതികൾ സമർപ്പിക്കേണ്ടത്. പ്രവാസികൾക്ക് പുറമെ അവരുടെ നാട്ടിലുള്ള ആശ്രിതർക്കും ഈ സേവനം എളുപ്പത്തിൽ പ്രയോജനപ്പെടുത്താവുന്നതാണ്.



