ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സന്തോഷവാർത്ത: അബുദാബി യാത്രയ്ക്ക് യുഎഇ വിസ തികച്ചും സൗജന്യം

ഇന്ത്യൻ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ് അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ്. അബുദാബിയിലേക്ക് അവധിക്കാല യാത്ര പ്ലാൻ ചെയ്യുന്ന ഇന്ത്യക്കാർക്ക് ഇനി യുഎഇ എൻട്രി വിസ തികച്ചും സൗജന്യമായി ലഭിക്കും. അംഗീകൃത ട്രാവൽ ഏജൻസികൾ മുഖേന പാക്കേജ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ സുവർണ്ണാവസരം ഒരുക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയാണ് ഈ പ്രത്യേക ഓഫറിന്റെ കാലാവധി. പൈലറ്റ് പ്രൊജക്റ്റിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 20,000 സൗജന്യ വിസകളാണ് വിതരണം ചെയ്യുന്നത്.
ആർക്കൊക്കെയാണ് സൗജന്യ വിസ ലഭിക്കുക?
- ഇന്ത്യയിൽ നിന്ന് യാത്ര തിരിക്കുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മാത്രമാണ് ഈ ആനുകൂല്യം.
- അബുദാബിയിലെ ഏതെങ്കിലും ഹോട്ടലിൽ കുറഞ്ഞത് മൂന്ന് രാത്രികൾ തുടർച്ചയായി താമസം ബുക്ക് ചെയ്തിരിക്കണം.
- ഇന്ത്യയിൽ നിന്നുള്ള റിട്ടേൺ വിമാന ടിക്കറ്റ് നിർബന്ധമാണ്.
- ഓൺലൈൻ ട്രാവൽ ഏജൻസികൾ വഴിയോ പദ്ധതിയുടെ ഭാഗമായ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ പാക്കേജ് ബുക്ക് ചെയ്തവർക്ക് മാത്രമേ വിസ സൗജന്യമായി ലഭിക്കൂ. വ്യക്തിഗതമായി അപേക്ഷിക്കുന്നവർക്ക് ഈ ഓഫർ ലഭ്യമല്ല.
വിസ ചെലവുകൾ ഡിസിടി വഹിക്കും
സഞ്ചാരികൾക്കുള്ള എൻട്രി വിസയുടെ പൂർണ്ണ ചെലവും അബുദാബി സംസ്കാരിക വിനോദസഞ്ചാര വകുപ്പാണ് വഹിക്കുന്നത്. ഡിസിടി ചുമതലപ്പെടുത്തിയ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്പനികൾ (DMC) വഴിയാണ് ബുക്കിങ് എങ്കിൽ വിസ ചെലവുകൾ ഡിസിടി നേരിട്ട് നൽകും. മറ്റ് ഡിഎംസി പങ്കാളികൾ വഴിയാണെങ്കിൽ അനുവദിക്കപ്പെടുന്ന ഓരോ വിസയ്ക്കും 285 ദിർഹം വീതം ഡിസിടി ഏജൻസികൾക്ക് തിരികെ നൽകുന്നതാണ്.
അബുദാബിയുടെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര വിപണികളിലൊന്നാണ് ഇന്ത്യയെന്നും, ഇന്ത്യൻ സഞ്ചാരികൾക്ക് അബുദാബിയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കാനും അവരുടെ യാത്രാച്ചെലവ് കുറയ്ക്കാനുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഡിസിടി അബുദാബി ഇന്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ടർ അബ്ദുള്ള യൂസഫ് വ്യക്തമാക്കി.




