യുഎഇയിൽ കനത്ത മഴ; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

ദുബായ്: യുഎഇയിൽ വീണ്ടും അസ്ഥിരമായ കാലാവസ്ഥ. റാസൽഖൈമ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ ഇന്ന് ഉച്ചകഴിഞ്ഞ് മഴ ലഭിച്ചു. വരും ദിവസങ്ങളിലും രാജ്യത്തിന്റെ കിഴക്കൻ, ഉൾനാടൻ, തെക്കൻ മേഖലകളിൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാലാവസ്ഥ മോശമാകാൻ സാധ്യതയുള്ളതിനാൽ റോഡുകളിൽ വാഹനമോടിക്കുന്നവർ കർശന ജാഗ്രത പാലിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
റൂക്ക്, റാസൽഖൈമ, അൽ ഐൻ, ഫുജൈറ, ലിവ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനൊപ്പം മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ കാറ്റിനും സാധ്യത പ്രവചിക്കുന്നു. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ ഉച്ചയ്ക്ക് ശേഷം സംവഹന മേഘങ്ങൾ രൂപപ്പെടാനും ഇടവിട്ട് മഴ പെയ്യാനും സാധ്യതയുണ്ട്. എന്നാൽ, അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും ഈ ദിവസങ്ങളിൽ കടൽക്ഷോഭം കുറവായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
മഴയ്ക്കുള്ള സാധ്യതകൾ നിലനിൽക്കുമ്പോഴും രാജ്യത്ത് ചൂട് ഉയർന്ന നിലയിൽ തന്നെ തുടരും. ഉൾപ്രദേശങ്ങളിൽ താപനില പരമാവധി 50°C വരെ ഉയരാൻ സാധ്യതയുണ്ട്. തീരദേശങ്ങളിൽ താപനില 42°C മുതൽ 47°C വരെ അനുഭവപ്പെട്ടേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു.
പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് അടിയന്തര സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ അബുദാബി അധികൃതർ പ്രത്യേക ഹെൽപ്‌ലൈൻ നമ്പറുകൾ പുറത്തുവിട്ടിട്ടുണ്ട്:
വെള്ളപ്പൊക്കത്തിൽ കുടുങ്ങുക, ജീവന് ഭീഷണിയാകുന്ന വലിയ അപകടങ്ങൾ, വൈദ്യുത തീപിടുത്തങ്ങൾ തുടങ്ങിയ ഗുരുതര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുന്നതോ ഉൾറോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ 993 എന്ന നമ്പറിൽ മുനിസിപ്പാലിറ്റിയെ വിവരമറിയിക്കാം. കൂടാതെ, വൈദ്യുതി തടസ്സങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് 991 എന്ന നമ്പറിലും കുടിവെള്ള വിതരണത്തിലെ തടസ്സങ്ങൾക്ക് 992 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
കനത്ത മഴയുള്ള സമയങ്ങളിൽ വാഹനങ്ങൾ ഉയർന്ന പാർക്കിംഗ് ഏരിയകളിൽ സുരക്ഷിതമായി നിർത്തിയിടാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു.




