സൗദിയിൽ വാരാന്ത്യം വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദേശവുമായി അധികൃതർ

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ ഈ വാരാന്ത്യം വരെയാണ് പൊടിക്കാറ്റിന് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മക്ക, മദീന, അസീർ, ജിസാൻ തുടങ്ങിയ പ്രവിശ്യകളിലെ തീരദേശ മേഖലകളെയാണ് പൊടിക്കാറ്റ് പ്രധാനമായും ബാധിക്കാൻ സാധ്യതയുള്ളത്. ഈ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളിൽ പൊടിക്കാറ്റിന്റെ പ്രഭാവം വളരെ കൂടുതലായിരിക്കും. ദൂരക്കാഴ്ച ഗണ്യമായി കുറയാൻ സാധ്യതയുള്ളതിനാൽ ഈ റൂട്ടുകളിൽ വാഹനമോടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണം.
പൊടിക്കാറ്റിന് പുറമെ, ജിസാൻ, അസീർ പ്രവിശ്യകളുടെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റോടുകൂടിയ മഴയ്ക്കും മിന്നൽപ്രളയത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനായി ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളെ മാത്രം ആശ്രയിക്കുക. ഗതാഗത തടസ്സങ്ങൾക്കും അപകടങ്ങൾക്കും സാധ്യതയുള്ളതിനാൽ, യാത്രാവേളകളിൽ സുരക്ഷാ-ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർത്ഥിച്ചു.



