പവർ ബാങ്ക് ഉപയോഗത്തിൽ നിയന്ത്രണങ്ങളുമായി യുഎഇ വിമാനക്കമ്പനികൾ

ദുബായ്: വ്യോമയാന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എമിറേറ്റ്‌സ്, ഇത്തിഹാദ് എയർവേയ്‌സ്, ഫ്ലൈദുബായ്, എയർ അറേബ്യ തുടങ്ങിയ പ്രമുഖ യുഎഇ വിമാനക്കമ്പനികൾ വിമാന യാത്രക്കാർക്ക് പവർ ബാങ്ക് ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി.
പുതിയ സുരക്ഷാ നിർദ്ദേശപ്രകാരം പവർ ബാങ്കുകൾ വലിയ ചെക്ക്ഡ് ലഗേജുകളിലോ വിമാനത്തിനുള്ളിലെ ഓവർഹെഡ് ലഗേജ് ബോക്സുകളിലോ വെക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുള്ളതും നിയമവിരുദ്ധവുമാണ്; പകരം ഇവ യാത്രയിലുടനീളം സ്വിച്ച് ഓഫ് ചെയ്ത നിലയിൽ അടിയന്തര സാഹചര്യങ്ങളിൽ പെട്ടെന്ന് എടുക്കാൻ പാകത്തിൽ കൈയെത്തുന്ന ദൂരത്തുള്ള സീറ്റ് പോക്കറ്റിലോ സീറ്റിനടിയിലെ ബാഗിലോ തന്നെ സൂക്ഷിക്കേണ്ടതാണ്. വിമാനത്തിനുള്ളിൽ വെച്ച് ഫോണോ മറ്റ് ഉപകരണങ്ങളോ ചാർജ് ചെയ്യാനോ വിമാനത്തിലെ യുഎസ്ബി പോർട്ടുകൾ ഉപയോഗിച്ച് പവർ ബാങ്ക് റീചാർജ് ചെയ്യാനോ യാതൊരു കാരണവശാലും അനുവാദമില്ല.
എമിറേറ്റ്‌സ്, ഇത്തിഹാദ് എയർവേയ്‌സ് എന്നിവർ മണിക്കൂറിൽ 100 വാട്ട് (100 Wh) വരെ ശേഷിയുള്ള ഒരു പവർ ബാങ്കിന് മാത്രം അനുമതി നൽകുമ്പോൾ, ഫ്ലൈദുബായിൽ 100 വാട്ട് വരെയുള്ള ഒരു പവർ ബാങ്ക് ഹാൻഡ് ബാഗേജിൽ അനുവദിക്കുകയും 160 വാട്ടിൽ കൂടുതലോ എട്ട് ഗ്രാമിൽ കൂടുതൽ ലിഥിയം അടങ്ങിയതോ ആയ ബാറ്ററികൾ പൂർണ്ണമായും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, എയർ അറേബ്യ ഉൾപ്പെടെയുള്ള എല്ലാ വിമാനങ്ങളിലും 100 വാട്ടിൽ കവിയാത്ത പവർ ബാങ്കുകൾ സ്വിച്ച് ഓഫ് ചെയ്ത് സീറ്റ് പോക്കറ്റിലോ സീറ്റിനടിയിലോ സൂക്ഷിക്കണമെന്ന് നിർദ്ദേശമുണ്ട്.
വിമാന യാത്രയ്ക്ക് മുമ്പായി പവർ ബാങ്കുകൾ ഹാൻഡ് ബാഗേജിൽ തന്നെയാണെന്ന് ഉറപ്പുവരുത്തണമെന്നും സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും വിമാനക്കമ്പനികൾ യാത്രക്കാരോട് അഭ്യർത്ഥിച്ചു.




