Pravasi News

ഖത്തറിലേക്ക് മരുന്നുകൾ കൊണ്ടുവരുന്നതിൽ പുതിയ നിയമം; ഇ-പെർമിറ്റ് നിർബന്ധമാക്കി മന്ത്രാലയം

ദോഹ: ഖത്തറിലേക്ക് വ്യക്തിഗത ആവശ്യങ്ങൾക്കായി മരുന്നുകൾ കൊണ്ടുവരുന്നതിനും രാജ്യത്തുനിന്ന് കൊണ്ടുപോകുന്നതിനും പുതിയ ഇലക്ട്രോണിക് പെർമിറ്റ് സംവിധാനം നിർബന്ധമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. യാത്രക്കാർക്കായി നിശ്ചിത ഉപാധികളോടെ കൊണ്ടുവരാൻ സാധിക്കുന്ന 140 നിയന്ത്രിത മരുന്നുകളുടെ പട്ടികയും മന്ത്രാലയം പുറത്തുവിട്ടു. പട്ടികയിൽ 61 നാർക്കോട്ടിക് മരുന്നുകളും 79 സൈക്കോട്രോപ്പിക് മരുന്നുകളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. പുതിയ ഓൺലൈൻ സിസ്റ്റം വഴി യാത്രക്കാർക്ക് മുൻകൂട്ടി ഇ-പെർമിറ്റിനായി അപേക്ഷിക്കാനും അപേക്ഷയുടെ പുരോഗതി പരിശോധിക്കാനും അനുമതിപത്രം ഓൺലൈനായി നേടാനും സാധിക്കും.

മരുന്നുകളുമായി ഖത്തറിലേക്ക് എത്തുന്നവർ മുൻകൂട്ടി ഇ-പെർമിറ്റ് എടുത്തിട്ടില്ലെങ്കിൽ വിമാനത്താവളത്തിലോ മറ്റ് അതിർത്തികളിലോ എത്തുമ്പോൾ കസ്റ്റംസ് അധികൃതരെ വിവരം അറിയിക്കേണ്ടതാണ്. മരുന്നുകൾക്ക് അനുമതി ലഭിക്കുന്നതിനായി കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ അംഗീകൃത ആശുപത്രികളിൽ നിന്ന് നൽകിയ ഇംഗ്ലീഷിലോ അറബിയിലോ ഉള്ള മെഡിക്കൽ റിപ്പോർട്ടും ഡോക്ടറുടെ കുറിപ്പടിയും ഹാജരാക്കണം. രോഗിയുടെ പൂർണ്ണമായ പേര്, രോഗവിവരം, മരുന്നിന്റെ പേര്, അളവ്, ചികിത്സാ കാലാവധി, നൽകിയ തീയതി, ചികിത്സിച്ച ഡോക്ടറുടെ പേരും ഒപ്പും സീലും എന്നിവ രേഖകളിൽ വ്യക്തമായിരിക്കണം. ഇതിനൊപ്പം പാസ്‌പോർട്ടിന്റെയോ ഖത്തർ ഐഡിയുടെയോ പകർപ്പും മരുന്ന് വ്യക്തിഗത ആവശ്യത്തിന് മാത്രമുള്ളതാണെന്ന സത്യവാങ്മൂലവും സമർപ്പിക്കേണ്ടതുണ്ട്.

കൊണ്ടുവരാവുന്ന മരുന്നുകളുടെ അളവിലും മന്ത്രാലയം പരിധി നിശ്ചയിച്ചിട്ടുണ്ട്. നാർക്കോട്ടിക് വിഭാഗത്തിൽപ്പെട്ട മരുന്നുകൾ പരമാവധി 10 ദിവസത്തെ ഉപയോഗത്തിനുള്ളതും സൈക്കോട്രോപ്പിക് മരുന്നുകൾ 60 ദിവസത്തെ ചികിത്സയ്ക്കുള്ളതും മാത്രമേ കൈവശം വെക്കാൻ അനുവാദമുള്ളൂ. കൂടുതൽ ദിവസങ്ങളിലേക്ക് മരുന്ന് ആവശ്യമായി വരുന്നവർ ഖത്തറിലെത്തിയ ശേഷം ലൈസൻസുള്ള ഡോക്ടറെ കണ്ട് മെഡിക്കൽ ഫയൽ തുറന്ന് മരുന്നുകൾ വാങ്ങണമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, അന്താരാഷ്ട്ര തലത്തിലോ പ്രാദേശികമായോ നിരോധിച്ച മരുന്നുകളും പദാർത്ഥങ്ങളും രാജ്യത്തേക്ക് കൊണ്ടുവരുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

നാളെ വാട്സാപ്പിലും
Follow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button