ബിരുദ പഠനത്തിന് ഇനി പ്ലസ് ടു വേണ്ട; ഐടിഐ, ഡിപ്ലോമക്കാർക്കും നേരിട്ട് പ്രവേശനം നേടാം

തിരുവനന്തപുരം: സംസ്ഥാനത്തെ സർവ്വകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും നാലു വർഷ ബിരുദ കോഴ്സുകളിൽ പ്രവേശനം നേടാൻ ഇനി മുതൽ പ്ലസ് ടു നിർബന്ധമല്ല. ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ള വിദ്യാർത്ഥികൾക്കും ഇനി നേരിട്ട് ഡിഗ്രി പഠനം ആരംഭിക്കാൻ വഴിയൊരുങ്ങുന്നു. യുജിസിയുടെ നാഷണൽ ക്രെഡിറ്റ് ഫ്രെയിം വർക്ക് അടിസ്ഥാനമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ ഇടപെടലിലൂടെയാണ് ഇതിനായുള്ള നടപടികൾ വേഗത്തിലാക്കിയത്.
പുതിയ ഉത്തരവ് പ്രകാരം പത്താം ക്ലാസ് പാസായ ശേഷം ഐടിഐ പൂർത്തിയാക്കിയവർക്ക് ബിരുദ കോഴ്സുകളുടെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. കൂടാതെ, പത്താം ക്ലാസിന് ശേഷമുള്ള മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമയോ, പ്ലസ് ടുവിന് ശേഷമുള്ള രണ്ട് വർഷത്തെ ഡിപ്ലോമയോ ഉള്ളവർക്ക് ലാറ്ററൽ എൻട്രി വഴി ഡിഗ്രി രണ്ടാം വർഷത്തിലേക്ക് (മൂന്നാം സെമസ്റ്റർ) നേരിട്ട് അഡ്മിഷൻ നേടാനും കഴിയും. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ളവർക്ക് ഉപരിപഠനത്തിന് കൂടുതൽ അവസരങ്ങൾ നൽകുന്നതാണ് പുതിയ തീരുമാനം.
ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പ്രത്യേക ശുപാർശയുടെ അടിസ്ഥാനത്തിൽ പുറത്തിറക്കിയ ഈ മാറ്റങ്ങൾ 2027-28 അധ്യയന വർഷം മുതലാകും പ്രാബല്യത്തിൽ വരിക. പുതിയ ഉത്തരവ് സംബന്ധിച്ച ഔദ്യോഗിക നിർദേശങ്ങൾ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകൾക്കും പോളിടെക്നിക്കുകൾക്കും കൈമാറിയിട്ടുണ്ട്.



