സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവീസുമായി സലാം എയർ; സലാലയിൽ പുതിയ ബേസ് ആരംഭിക്കുന്നു

മസ്കറ്റ്: പ്രവാസി മലയാളികൾക്ക് ഏറെ ആശ്വാസമായി സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഒമാനിലെ ബജറ്റ് എയർലൈനായ സലാം എയർ. സലാല വിമാനത്താവളം ആസ്ഥാനമാക്കി കമ്പനിയുടെ ആദ്യത്തെ എയർലൈൻ ബേസ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. കോഴിക്കോടിന് പുറമെ സൗദി അറേബ്യയിലെ ജിദ്ദ, ബംഗ്ലാദേശിലെ ചാറ്റോഗ്രാം എന്നിവിടങ്ങളിലേക്കും സലാലയിൽ നിന്ന് നേരിട്ടുള്ള അന്താരാഷ്ട്ര സർവീസുകളുണ്ടാകും.
കമ്പനിയുടെ 2026 വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി ഒക്ടോബർ അവസാന വാരത്തോടെയാണ് ഈ റൂട്ടുകളിൽ സർവീസുകൾ ആരംഭിക്കുക. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് ആഗസ്റ്റ് 26 മുതൽ ആരംഭിച്ചു. ദോഫാർ ഗവർണറേറ്റിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെയും കമ്പനിയുടെ വളർച്ചയുടെയും സുപ്രധാന നാഴികക്കല്ലായാണ് സലാലയിലെ പുതിയ ബേസ് വിലയിരുത്തപ്പെടുന്നത്.
ഈ വർഷത്തെ ഖരീഫ് സീസണിൽ സലാലയിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വൻ വർധനവാണ് പുതിയ തീരുമാനമെടുക്കാൻ കമ്പനിക്ക് കരുത്തായത്. ഖരീഫ് സീസണിലെ തിരക്കേറിയ സമയങ്ങളിൽ മസ്‌കത്ത്-സലാല റൂട്ടിൽ പ്രതിദിനം 15 വിമാനങ്ങൾ വരെ സലാം എയർ സർവീസ് നടത്തിയിരുന്നു. പുതിയ സർവീസ് ആരംഭിക്കുന്നത് സലാലയിലെ പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കും.



