ഒരേ ചികിത്സയ്ക്ക് ഒരേ നിരക്ക്: ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയില്‍ സമഗ്ര പരിഷ്കാരത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

രാജ്യത്ത് കുതിച്ചുയരുന്ന ചികിത്സാ ചെലവുകൾ നിയന്ത്രിക്കാനും ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിൽ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും ലക്ഷ്യമിട്ട് സമഗ്ര പരിഷ്കാരങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇന്ത്യയില്‍ ആരോഗ്യ പരിപാലന ചെലവുകള്‍ പ്രതിവർഷം 12 മുതല്‍ 14 ശതമാനം വരെ ഉയരുന്ന സാഹചര്യത്തിലാണ് ഈ സുപ്രധാന നീക്കം. ചികിത്സാ ചെലവുകളിലെ ഈ ഭീമമായ വര്‍ധന സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കൂട്ടുന്നതിനൊപ്പം തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം തുക ഉയരാനും പ്രധാന കാരണമാകുന്നുണ്ട്.
ഈ പ്രതിസന്ധി മറികടക്കുന്നതിനായി ആശുപത്രികളിലെ വിവിധ ചികിത്സകൾക്ക് പൊതുമാനദണ്ഡം അടിസ്ഥാനമാക്കിയുള്ള നിരക്കുകൾ കൊണ്ടുവരാനാണ് സർക്കാർ പ്രധാനമായും ആലോചിക്കുന്നത്. ആശുപത്രികളും ഇന്‍ഷുറന്‍സ് കമ്പനികളും തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ ചികിത്സകള്‍ക്ക് രാജ്യത്തുടനീളം പൊതുവായ നിരക്ക് നിശ്ചയിക്കുന്ന സംവിധാനമാണിത്. ഒരേ ചികിത്സയ്ക്ക് വിവിധ ആശുപത്രികൾ വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്ന പ്രവണത ഇതിലൂടെ ഒഴിവാക്കാനാകും. കൂടാതെ, ഇന്‍ഷുറന്‍സ് ക്ലെയിമുകളുമായി ബന്ധപ്പെട്ട് ആശുപത്രികളും കമ്പനികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ വലിയൊരളവോളം നിയന്ത്രിക്കാനും പുതിയ പരിഷ്കാരത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലുള്ള വിവിധ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് പുറമെ, എല്ലാ കമ്പനികള്‍ക്കുമായി ഒരു പൊതുമാനദണ്ഡം അവതരിപ്പിക്കാനും സർക്കാരിന് ആലോചനയുണ്ട്. രോഗങ്ങള്‍ക്കുള്ള കവറേജ്, ചികിത്സാ ആനുകൂല്യങ്ങള്‍, പ്രധാന വ്യവസ്ഥകള്‍ എന്നിവയില്‍ ഏകീകരണം കൊണ്ടുവരുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് വിവിധ കമ്പനികളുടെ പോളിസികള്‍ വളരെ എളുപ്പത്തില്‍ താരതമ്യം ചെയ്ത് തിരഞ്ഞെടുക്കാനാകും. ഇതിനുപുറമെ, ക്ലെയിം തീര്‍പ്പാക്കല്‍ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ ആരോഗ്യ മന്ത്രാലയവും ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയും (IRDAI) ചേര്‍ന്ന് വികസിപ്പിച്ച നാഷണല്‍ ഹെല്‍ത്ത് ക്ലെയിംസ് എക്സ്ചേഞ്ചിന്റെ (NHCX) ഉപയോഗം വ്യാപിപ്പിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു. ആശുപത്രികളും ഇന്‍ഷുറന്‍സ് കമ്പനികളും തമ്മിലുള്ള വിവര കൈമാറ്റം പൂര്‍ണ്ണമായും ഡിജിറ്റലാക്കുന്നതിലൂടെ, രോഗി ഡിസ്ചാര്‍ജ് ആകുന്ന സമയത്തുതന്നെ ക്ലെയിം നടപടികള്‍ പൂര്‍ത്തിയാക്കാൻ ഇതുവഴി സാധിക്കും.
ഇന്ത്യയിലെ ഇന്‍ഷുറന്‍സ് വ്യാപനം ഇപ്പോഴും ആഗോള ശരാശരിയേക്കാള്‍ വളരെ താഴെയാണ്. ഈ മേഖലയിലെ വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതും നടപടിക്രമങ്ങള്‍ കൂടുതൽ ലളിതമാക്കുന്നതും വഴി പരമാവധി ആളുകളെ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കുടക്കീഴിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. നിലവിൽ രാജ്യത്തെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖല അതിവേഗം വളരുന്ന വിപണികളിലൊന്നാണ്. നാല്‍പ്പതിലേറെ ഇന്‍ഷുറന്‍സ് കമ്പനികള്‍ രാജ്യത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. 2025 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ സമാഹരിച്ച പ്രീമിയം തുക ഏകദേശം 1.17 ലക്ഷം കോടി രൂപയുടേതായിരുന്നു എന്നത് ഈ മേഖലയുടെ വലിയ സാധ്യതകളെയാണ് തുറന്നുകാട്ടുന്നത്.



