സൗദി പ്രവാസികൾക്ക് ആശ്വാസം: റിയാദിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സർവീസുമായി ഫ്ലൈനാസ്; ബുക്കിംഗ് ആരംഭിച്ചു

റിയാദ്: സൗദി പ്രവാസികൾക്ക് വലിയ ആശ്വാസവാർത്തയുമായി സൗദിയ അറേബ്യൻ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ് റിയാദിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ രണ്ട് മുതലാണ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്കുള്ള നോൺ-സ്റ്റോപ്പ് സർവീസുകൾ ആരംഭിക്കുന്നത്. കൊച്ചിക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട് സെക്ടറുകളിലേക്കും സർവീസുകൾ വ്യാപിപ്പിക്കാൻ കമ്പനിക്ക് ലക്ഷ്യമുണ്ട്.
ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായാണ് ഫ്ലൈനാസിന്റെ റിയാദ് – കൊച്ചി സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിൽ അർദ്ധരാത്രി 12:05-ന് റിയാദിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 08:00 മണിക്ക് കൊച്ചിയിലെത്തും. മടക്കയാത്ര കൊച്ചിയിൽ നിന്ന് രാവിലെ 08:50-ന് ആരംഭിച്ച് സൗദി സമയം പകൽ 11:35-ന് റിയാദിൽ തിരിച്ചെത്തുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഏകദേശം അഞ്ചര മണിക്കൂറാണ് പുതിയ സർവീസിലെ യാത്രാസമയം.
കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് 519 സൗദി റിയാലും റിയാദിലേക്കുള്ള മടക്കയാത്രയ്ക്ക് 1032 സൗദി റിയാലുമാണ് ഏറ്റവും കുറഞ്ഞ നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. ഈ സർവീസുകൾക്കായുള്ള ടിക്കറ്റ് ബുക്കിംഗ് നിലവിൽ ആരംഭിച്ചിട്ടുണ്ട്. കണക്റ്റിങ് വിമാനങ്ങളിലെ ദൈർഘ്യമേറിയ കാത്തിരിപ്പും സമയനഷ്ടവും ഒഴിവാക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ നാട്ടിലെത്താൻ പുതിയ നോൺ-സ്റ്റോപ്പ് സർവീസ് പ്രവാസികൾക്ക് ഏറെ സഹായകരമാകും. ഇതിനുപുറമെ, റിയാദ് – കോഴിക്കോട് റൂട്ടിൽ നിലവിൽ ഫ്ലൈനാസിന് നേരിട്ടുള്ള സർവീസുകളുണ്ട്.
ഫ്ലൈനാസിന് പുറമെ മറ്റ് വിമാനക്കമ്പനികളും വരും മാസങ്ങളിൽ കേരളത്തിലേക്കുള്ള സർവീസുകൾ വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. ഒക്ടോബർ മുതൽ തിരുവനന്തപുരം-റിയാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ മൂന്ന് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കും. കൂടാതെ, ഡിസംബർ മുതൽ ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് എയർബസ് A321 വിമാനം ഉപയോഗിച്ച് സൗദിയ എയർലൈൻസും പുതിയ സർവീസ് തുടങ്ങും. വിമാന സർവീസുകൾ വർദ്ധിക്കുന്നത് പ്രവാസികൾക്കും ഉംറ തീർത്ഥാടകർക്കും ഒരുപോലെ പ്രയോജനകരമാകും.




