ഗ്ലോബൽ വില്ലേജ് ടിക്കറ്റുകളുടെ പേരിൽ വൻ തട്ടിപ്പിന് സാധ്യത; കർശന മുന്നറിയിപ്പുമായി ദുബൈ പൊലീസ്

ദുബൈ: ഗ്ലോബൽ വില്ലേജിൻ്റെ പുതിയ സീസൺ ആരംഭിക്കാനിരിക്കെ, വ്യാജ വെബ്‌സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയുമുള്ള തട്ടിപ്പുകൾക്കെതിരെ കർശന ജാഗ്രതാ നിർദേശവുമായി ദുബൈ പൊലീസ്. 31-ാമത് സീസണിലെ ടിക്കറ്റുകളും ആകർഷകമായ പാക്കേജുകളും കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളുടെ പണവും വ്യക്തിഗത വിവരങ്ങളും അപഹരിക്കാൻ വ്യാപകമായ ശ്രമം നടക്കുന്നതായി അധികൃതർ വ്യക്തമാക്കി.
ഗ്ലോബൽ വില്ലേജിൻ്റെ എക്‌സ്‌ക്ലൂസീവ് വി.ഐ.പി പാക്കുകൾ ഉടൻ പുറത്തിറങ്ങാനിരിക്കെയാണ് പൊലീസിൻ്റെ ഈ മുന്നറിയിപ്പ്. സെപ്റ്റംബർ 21 മുതൽ 25 വരെയാണ് പാക്കുകളുടെ പ്രീ-സെയിൽ നടക്കുന്നത്. അധിക തുക നൽകി ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട പാക്കുകൾ നേരത്തെ സ്വന്തമാക്കാം. സെപ്റ്റംബർ 26 മുതൽ കൊക്കകോള അരീനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പൊതുവിൽപ്പന ആരംഭിക്കും. ഈ അവസരം മുതലെടുത്താണ് സൈബർ തട്ടിപ്പുകാർ രംഗത്തെത്തിയിരിക്കുന്നത്.
പുതിയ പാക്കേജുകളും ഓഫറുകളും പ്രഖ്യാപിക്കുന്ന സമയങ്ങളിൽ ഇത്തരം തട്ടിപ്പുകൾ പതിവാണെന്ന് ദുബൈ പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഗ്ലോബൽ വില്ലേജിൻ്റെ ഔദ്യോഗിക പേജുകൾക്ക് സമാനമായ വ്യാജ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിർമ്മിച്ചാണ് ഇവർ ഇരകളെ വലയിലാക്കുന്നത്. ഇത്തരം വ്യാജ ലിങ്കുകളിലൂടെ പർച്ചേസ് നടത്താൻ പ്രേരിപ്പിക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തപ്പെടാനും ഇത് ദുരുപയോഗം ചെയ്യപ്പെടാനും വലിയ സാധ്യതയുണ്ട്.
അവിശ്വസനീയമായ ഓഫറുകളിൽ വഞ്ചിതരാകരുതെന്നും, ടിക്കറ്റുകളും പാക്കേജുകളും അംഗീകൃത വെബ്‌സൈറ്റുകളിലൂടെയോ ഔദ്യോഗിക ചാനലുകളിലൂടെയോ മാത്രം വാങ്ങണമെന്നും പൊലീസ് നിർദേശിച്ചു. അപരിചിതമായ ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകൾ തുറക്കുകയോ, വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരുകയോ ചെയ്യരുത്. ഇത്തരം സംശയാസ്പദമായ ലിങ്കുകളോ അക്കൗണ്ടുകളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസിൻ്റെ ഇ-ക്രൈം (e-Crime) പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നമ്പറിലോ ബന്ധപ്പെട്ട് വിവരമറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.




