Apps & Digital TipsBreaking News

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾക്ക് ഇനി ആധാർ ഒ.ടി.പി നിർബന്ധം; പുതിയ മാറ്റങ്ങൾ സെപ്റ്റംബർ 21 മുതൽ

ഗതാഗത സംബന്ധമായ ആവശ്യങ്ങൾക്ക് ഇനി ഇടനിലക്കാരുടെ സഹായം വേണ്ട. മോട്ടോർ വാഹന വകുപ്പ് (MVD) വാഹൻ, സാരഥി പോർട്ടലുകൾ വഴി നൽകുന്ന 60 പരിവാഹൻ സേവനങ്ങൾ പൂർണ്ണമായും ആധാർ ഒ.ടി.പി അധിഷ്ഠിതമാക്കുന്നു. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനും സേവനങ്ങൾ സുതാര്യവും വേഗത്തിലാക്കാനും ലക്ഷ്യമിട്ടുള്ള ഈ പുതിയ മാറ്റങ്ങൾ സെപ്റ്റംബർ 21 മുതൽ പ്രാബല്യത്തിൽ വരും.

നിലവിൽ 21 സേവനങ്ങൾ ‘ഫേസ്ലെസ്സ്’ (ഓൺലൈൻ) ആയി നൽകുന്നുണ്ട്. ബാക്കിയുള്ള സേവനങ്ങൾ കൂടി ഈ രീതിയിലേക്ക് മാറ്റുന്നതിനുള്ള സോഫ്റ്റ്‌വെയർ പരിശോധനകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

പ്രധാന മാറ്റങ്ങളും നേട്ടങ്ങളും:

  • പൂർണ്ണമായും ഓൺലൈൻ: ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് അപേക്ഷകൾ സുരക്ഷിതമായി സമർപ്പിക്കാം.
  • മുൻഗണനാ ക്രമം: ‘ആദ്യം വരുന്നവർക്ക് ആദ്യം’ (First Come First Serve) എന്ന അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗസ്ഥർ അപേക്ഷകൾ തീർപ്പാക്കുക. അപേക്ഷകൾ ബോധപൂർവ്വം വൈകിപ്പിക്കുന്ന ഏജന്റുമാരുടെ രീതി ഇതോടെ അവസാനിക്കും.
  • ഓഫീസ് സന്ദർശനം ആവശ്യമില്ല: വാഹന പരിശോധന, അനന്തരാവകാശികളുടെ പരിശോധന, വ്യക്തിഗത വാദം കേൾക്കൽ എന്നിവയ്ക്ക് ഒഴികെ മറ്റ് സേവനങ്ങൾക്ക് ആർ.ടി.ഓഫീസിൽ നേരിട്ട് പോകേണ്ടതില്ല. ഓൺലൈൻ അപേക്ഷകളുടെ പ്രിന്റ് ഔട്ടും ഓഫീസുകളിൽ സമർപ്പിക്കേണ്ടതില്ല. (ആധാർ ഒ.ടി.പി പരാജയപ്പെട്ടാൽ മാത്രം ആധികാരികത ഉറപ്പാക്കാൻ ഒരു തവണ ഓഫീസിൽ പോകേണ്ടി വന്നേക്കാം).
  • സ്ലോട്ട് ബുക്കിംഗും വീഡിയോ കോളും: പരിശോധനകൾക്കും വാദം കേൾക്കലിനുമുള്ള സ്ലോട്ടുകൾ ‘നമ്മുടെ കേരളം’ പോർട്ടൽ വഴി ഓൺലൈനായി ബുക്ക് ചെയ്യാം. ‘Vmeet’ സൗകര്യം ഉപയോഗിച്ച് ആർ.ടി.ഒയുമായി വീഡിയോ കോൾ വഴി ഹാജരാകാനും സാധിക്കും.
  • ലൈസൻസും ഫിറ്റ്‌നസ് ടെസ്റ്റും: ലേണേഴ്സ്, ഡ്രൈവിംഗ് ലൈസൻസ്, ബാഡ്ജ്, കണ്ടക്ടർ ലൈസൻസ് ടെസ്റ്റുകൾക്ക് ‘സാരഥി’ പോർട്ടൽ വഴിയും, വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റിന് ‘വാഹൻ’ പോർട്ടൽ വഴിയുമാണ് സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്.
  • സഹായ കേന്ദ്രങ്ങൾ: ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുള്ളവർക്ക് ഏജന്റുമാരെ ഒഴിവാക്കി അക്ഷയ കേന്ദ്രങ്ങളെയോ സി.എസ്.സി (CSC) കേന്ദ്രങ്ങളെയോ നേരിട്ട് ആർ.ടി. ഓഫീസുകളെയോ സമീപിക്കാം.
  • ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകൾ (ATS): വാഹന പരിശോധനയ്ക്കായി എല്ലാ ജില്ലകളിലും ഉടൻ തന്നെ എ.ടി.എസുകൾ നിലവിൽ വരും. കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇതിനോടകം 3 കേന്ദ്രങ്ങൾ സജ്ജമായിട്ടുണ്ട്.
നാളെ വാട്സാപ്പിലും
Follow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button