ക്യാപ്ച്ച പരിശോധനയുടെ പേരിൽ ‘ക്ലിക്ക്ഫിക്സ്’ സൈബർ തട്ടിപ്പ്; ജാഗ്രതാ നിർദേശവുമായി കേരള പോലീസ്

വെബ്സൈറ്റുകളിലെ ക്യാപ്ച്ച (CAPTCHA) പരിശോധനയുടെ മറവിൽ വ്യാജ ഡയലോഗ് ബോക്സുകൾ നൽകി കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യുന്ന പുതിയ സൈബർ തട്ടിപ്പിനെതിരെ ജാഗ്രതാ നിർദേശവുമായി കേരള പോലീസ്. ‘ക്ലിക്ക്ഫിക്സ്’ (ClickFix) എന്ന് പേരിട്ടിരിക്കുന്ന ഈ തട്ടിപ്പിലൂടെ ഉപയോക്താക്കളുടെ പാസ്വേഡുകൾ മോഷ്ടിക്കുകയും പിന്നീട് പണം ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. വിവിധ വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ കാണുന്ന സാധാരണ ക്യാപ്ച്ച വെരിഫിക്കേഷന് ശേഷമാണ് തട്ടിപ്പുകാർ തങ്ങളുടെ കെണിയൊരുക്കുന്നത്.
ക്യാപ്ച്ച പരിശോധന പൂർത്തിയാക്കുന്നതോടെ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മറ്റൊരു ഡയലോഗ് ബോക്സ് സ്ക്രീനിൽ പ്രത്യക്ഷപ്പെടും. ഇതിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതോടെ സിസ്റ്റം പൂർണ്ണമായും സൈബർ കുറ്റവാളികളുടെ നിയന്ത്രണത്തിലാകും. തുടർന്ന് ഓൺലൈൻ ബാങ്കിംഗ് വിവരങ്ങൾ, ഇമെയിൽ അക്കൗണ്ടുകൾ, ബ്രൗസറിൽ സേവ് ചെയ്തിരിക്കുന്ന സോഷ്യൽ മീഡിയ പാസ്വേഡുകൾ തുടങ്ങിയവ ഇവർ കൈക്കലാക്കുന്നു. പിന്നീട് ഈ ഡാറ്റ ലോക്ക് ചെയ്ത ശേഷം അവ തിരികെ നൽകുന്നതിനായി വൻ തുക മോചനദ്രവ്യമായി ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി.
യഥാർത്ഥ വെബ്സൈറ്റുകളൊന്നും തന്നെ ക്യാപ്ച്ച പരിശോധനയുടെ ഭാഗമായി പവർഷെൽ (PowerShell) അല്ലെങ്കിൽ കമാൻഡ് പ്രോംപ്റ്റ് (Command Prompt) എന്നിവ തുറക്കാനോ, ഫയലുകൾ ഡൗൺലോഡ് ചെയ്യാനോ ആവശ്യപ്പെടാറില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. കമ്പ്യൂട്ടറിൽ മാൽവെയർ ബാധിച്ചതായി സംശയം തോന്നിയാൽ ഉടൻ തന്നെ വൈഫൈ (WiFi) അല്ലെങ്കിൽ ലാൻ (LAN) കണക്ഷൻ വിച്ഛേദിച്ച് ഇന്റർനെറ്റ് ബന്ധം ഒഴിവാക്കണം. സംശയാസ്പദമായ ഫയലുകൾ മറ്റ് ഉപകരണങ്ങളിലേക്ക് മാറ്റാൻ പാടുള്ളതല്ല. തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടലിലോ ബന്ധപ്പെടണമെന്നും, ആവശ്യമെങ്കിൽ ഉപകരണം അടുത്തുള്ള സൈബർ പോലീസ് സ്റ്റേഷനിൽ എത്തിക്കണമെന്നും അധികൃതർ അറിയിച്ചു.



