Career & Education

ഒമ്പതാം ക്ലാസിൽ ഈ വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധം; പുതിയ മാർഗനിർദേശം പുറത്തിറക്കി സി.ബി.എസ്.ഇ

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ത്രിഭാഷാ പദ്ധതിയിൽ സി.ബി.എസ്.ഇ പുതിയ മാർഗരേഖ പുറത്തിറക്കി. പുതിയ നിർദേശപ്രകാരം ഒമ്പതാം ക്ലാസിൽ ഈ വർഷം മുതൽ മൂന്ന് ഭാഷാ പഠനം നിർബന്ധമാക്കിയിട്ടുണ്ട്. വിദ്യാർഥികൾ പഠിക്കുന്ന മൂന്ന് ഭാഷകളിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യൻ ഭാഷകളായിരിക്കണം എന്നതാണ് ഇതിലെ പ്രധാന നിബന്ധന.

പുതിയതായി ഉൾപ്പെടുത്തിയ മൂന്നാം ഭാഷയുടെ മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ മൂന്നാം ഭാഷയ്ക്ക് പ്രത്യേക കേന്ദ്രീകൃത പരീക്ഷ ഉണ്ടായിരിക്കില്ല. എന്നാൽ, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ സ്‌കൂൾ തലത്തിൽ നടത്തുന്ന ഇന്റേണൽ അസെസ്‌മെന്റിൽ വിദ്യാർഥികൾ നിർബന്ധമായും വിജയിച്ചിരിക്കണം. 2026-27 ബാച്ച് വിദ്യാർഥികൾ 2027-28 അധ്യയന വർഷത്തിൽ പത്താം ക്ലാസിലെത്തുമ്പോഴാണ് ഈ മൂല്യനിർണ്ണയ രീതി പ്രാബല്യത്തിൽ വരിക. അധ്യയന വർഷത്തിനിടയിൽ മൂന്നാം ഭാഷാ പരീക്ഷ ജയിക്കാത്ത കുട്ടികൾക്കായി, പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് സ്‌കൂളുകൾ പുനഃപരീക്ഷ നടത്തേണ്ടതാണ്. ഒമ്പതാം ക്ലാസിലെ മൂന്നാം ഭാഷാ പരീക്ഷയിൽ യോഗ്യത നേടിയില്ലെങ്കിലും കുട്ടികളെ പത്താം ക്ലാസിലേക്ക് പ്രവേശിപ്പിക്കും. എങ്കിലും അടുത്ത അധ്യയനവർഷം അവർ ഈ പരീക്ഷ നിർബന്ധമായും എഴുതിയെടുക്കേണ്ടതുണ്ട്.

നിലവിൽ വിവിധ ഭാഷകൾ പഠിക്കുന്ന കുട്ടികൾക്ക് പെട്ടെന്നുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ബോർഡ് ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഗ്ലീഷും ഫ്രഞ്ചും, അല്ലെങ്കിൽ ഇംഗ്ലീഷും ജർമ്മനിയും പോലുള്ള രണ്ട് അന്യഭാഷകൾ പഠിക്കുന്ന കുട്ടികൾക്ക് ഒരുതവണത്തെ പ്രത്യേക ഇളവുണ്ടാകും. അവർക്ക് ഈ ഭാഷകൾ തുടർന്നും പഠിക്കാമെങ്കിലും, മൂന്നാമതായി ഒരു ഇന്ത്യൻ ഭാഷ കൂടി നിർബന്ധമായും തെരഞ്ഞെടുക്കേണ്ടതുണ്ട്. അതേസമയം, ഈ അധ്യയന വർഷത്തിൽ പത്താം ക്ലാസിലുള്ള വിദ്യാർഥികൾക്ക് നിലവിലെ ഇരുഭാഷാ പദ്ധതി തന്നെയായിരിക്കും തുടരുക. ഇവരുടെ പരീക്ഷാ രീതിയിലോ സിലബസിലോ യാതൊരു മാറ്റവുമുണ്ടാകില്ല.

പുതിയ പാഠപുസ്തകങ്ങളും സിലബസും നിലവിൽ വരുന്നതോടെ ത്രിഭാഷാ പദ്ധതി പൂർണ്ണരൂപത്തിൽ നടപ്പിലാകും. ഭാവിയിൽ ഈ രീതി കൂടുതൽ കർശനമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി 2026-27 അധ്യയനവർഷം മുതൽ ആറാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾ പത്താം ക്ലാസിലെത്തുമ്പോൾ മൂന്നാം ഭാഷയ്ക്കും നിർബന്ധമായും ബോർഡ് പരീക്ഷ എഴുതേണ്ടി വരും. ഇന്ത്യൻ ഭാഷകളെ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിനൊപ്പം വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുമാണ് സി.ബി.എസ്.ഇ ഈ നിർണായക പരിഷ്‌കാരം നടപ്പിലാക്കുന്നത്.

നാളെ വാട്സാപ്പിലും
Follow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button