AI & Technology

ആപ്പിൾ എയർടാഗിന് വെല്ലുവിളിയായി ഗൂഗിൾ പിക്സൽ ടാഗ് ഇന്ത്യയിൽ; വിലയും സവിശേഷതകളും അറിയാം

വിലപ്പെട്ട സാധനങ്ങൾ നഷ്ടപ്പെടുമെന്ന പേടി ഇനി വേണ്ട. ആപ്പിൾ എയർടാഗിന് ശക്തമായ ബദലായി ഗൂഗിൾ തങ്ങളുടെ ആദ്യ ബ്ലൂടൂത്ത് ട്രാക്കറായ ഗൂഗിൾ പിക്സൽ ടാഗ് ഇന്ത്യയിൽ അവതരിപ്പിച്ചു. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള ഈ സ്മാർട്ട് ട്രാക്കർ വഴി വാലറ്റ്, താക്കോൽ, ബാഗ് തുടങ്ങിയവ എളുപ്പത്തിൽ കണ്ടെത്താനാകും.

പോളികാർബണേറ്റും മെറ്റലും ഉപയോഗിച്ച് നിർമ്മിച്ച ഈ ട്രാക്കറിന് ആകർഷകമായ പെബിൾ ആകൃതിയാണുള്ളത്. മുൻവശത്ത് ഗൂഗിൾ ബ്രാൻഡിംഗും ഒരു എൽ.ഇ.ഡി ഇൻഡിക്കേറ്ററുമുണ്ട്. 11.8 ഗ്രാം മാത്രം ഭാരവും 5.4 മില്ലിമീറ്റർ കനവുമുള്ളതിനാൽ ഇത് എളുപ്പത്തിൽ എവിടെയും കൊണ്ടുനടക്കാം. ‘ഫോഗ്’ (Fog) എന്ന ഒറ്റ നിറത്തിൽ ലഭ്യമാകുന്ന പിക്സൽ ടാഗിന് IP67 റേറ്റിംഗ് ഉള്ളതിനാൽ പൊടിയെയും വെള്ളത്തെയും മികച്ച രീതിയിൽ പ്രതിരോധിക്കും. ഒരു മീറ്റർ ആഴമുള്ള വെള്ളത്തിൽ 30 മിനിറ്റ് വരെ കേടുപാടുകൾ കൂടാതെ കിടക്കാൻ ഇതിന് സാധിക്കും.

അൾട്രാ-വൈഡ്ബാൻഡ് (UWB) സാങ്കേതികവിദ്യയും ബ്ലൂടൂത്ത് ചാനൽ സൗണ്ടിംഗും ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. ഗൂഗിളിന്റെ ‘ഫൈൻഡ് ഹബ്’ (Find Hub) ആപ്പിലെ കൃത്യമായ മാപ്പ് നാവിഗേഷനിലൂടെ സാധനങ്ങൾ എളുപ്പത്തിൽ കണ്ടെത്താം. ട്രാക്കർ ബ്ലൂടൂത്ത് പരിധിക്കുള്ളിലാണെങ്കിൽ അതിലെ ഇൻ-ബിൽറ്റ് സ്പീക്കർ വഴി അലാറം മുഴക്കാൻ സാധിക്കും. പിക്സൽ ഫോണുകളുള്ളവർക്ക് എ.ഐ അസിസ്റ്റന്റായ ജെമിനിയോട് ആവശ്യപ്പെട്ടും അലാറം പ്രവർത്തിപ്പിക്കാം. നിങ്ങളുടെ സാധനങ്ങൾ ബ്ലൂടൂത്ത് പരിധിക്ക് പുറത്താണെങ്കിൽപ്പോലും, ലോകമെമ്പാടുമുള്ള നൂറുകോടിയിലധികം ആൻഡ്രോയിഡ് ഉപകരണങ്ങളുടെ വിശാലമായ ശൃംഖല വഴി ലൊക്കേഷൻ കണ്ടെത്താനാകും.

സാധനങ്ങൾ എവിടെയെങ്കിലും മറന്നുവെച്ചാൽ ഉടൻ തന്നെ ഫോണിൽ അലേർട്ട് ലഭിക്കുന്നതോടൊപ്പം അപരിചിതമായ മറ്റേതെങ്കിലും ടാഗ് നിങ്ങളെ ട്രാക്ക് ചെയ്യുന്നുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകുന്ന ആന്റി-സ്റ്റോക്കിംഗ് ഫീച്ചറും ഇതിലുണ്ട്. ആൻഡ്രോയിഡ് 9-ലും അതിനുമുകളിലുള്ള പതിപ്പുകളിലും പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണുകളുമായി ഇത് കണക്റ്റ് ചെയ്യാം. ഒരു പിക്സൽ ടാഗ് ഒരേസമയം പരമാവധി 10 ആളുകളുമായി വരെ ഷെയർ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഉപയോക്താക്കൾക്ക് തന്നെ എളുപ്പത്തിൽ മാറ്റാൻ സാധിക്കുന്ന CR2032 കോയിൻ സെൽ ബാറ്ററിയാണ് ഇതിലുള്ളത്. ഒരു വർഷത്തിലധികം ബാറ്ററി ലൈഫ് ലഭിക്കുമെന്ന് ഗൂഗിൾ അവകാശപ്പെടുന്ന ഉപകരണത്തിന് കമ്പനി ഒരു വർഷത്തെ വാറന്റിയും നൽകുന്നുണ്ട്.

നവംബർ മുതൽ ഗൂഗിൾ ഓൺലൈൻ സ്റ്റോർ വഴി പിക്സൽ ടാഗ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ഇന്ത്യയിൽ ഒരു ടാഗിന്റെ വില 3,799 രൂപയും നാല് ടാഗുകൾ അടങ്ങിയ പാക്കിന്റെ വില 12,900 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിൽ നവംബർ 11 മുതലാണ് ഈ ഉപകരണം ഔദ്യോഗികമായി ലഭ്യമായി തുടങ്ങുക.

നാളെ വാട്സാപ്പിലും
Follow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button