ഗ്യാസ് സിലിണ്ടർ ഇ-കെവൈസി: ഓഗസ്റ്റ് 15-നകം പൂർത്തിയാക്കിയില്ലെങ്കിൽ സബ്സിഡി നഷ്ടപ്പെടും; ചെയ്യേണ്ടത് ഇത്രമാത്രം

എൽപിജി ഗാർഹിക സിലിണ്ടർ ഉപയോഗിക്കുന്നവർ ഇ-കെവൈസി (e-KYC) പൂർത്തിയാക്കാനുള്ള അവസാന തീയതി അടുത്തുവരികയാണ്. ഓഗസ്റ്റ് 15-ന് മുൻപായി നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് എണ്ണക്കമ്പനികളുടെ കർശന നിർദേശം. ഇ-കെവൈസി പൂർത്തിയാക്കാത്തവർക്ക് സബ്സിഡി നിരക്കിൽ സിലിണ്ടർ ലഭിക്കില്ലെന്നും, ഉയർന്ന വാണിജ്യ നിരക്കിൽ സിലിണ്ടറുകൾ വാങ്ങേണ്ടി വരുമെന്നുമാണ് റിപ്പോർട്ടുകൾ.
സബ്സിഡി ആനുകൂല്യങ്ങൾ റദ്ദാക്കപ്പെടുമെന്ന് കാണിച്ച് കമ്പനികൾ ഉപഭോക്താക്കൾക്ക് ഇതിനോടകം തന്നെ മുന്നറിയിപ്പ് സന്ദേശങ്ങൾ അയച്ചു തുടങ്ങിയിട്ടുണ്ട്. 2024-ൽ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ സിലിണ്ടർ ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് ഇ-കെവൈസി കർശനമാക്കിയത്. യഥാർത്ഥ ഉപഭോക്താക്കൾക്ക് തന്നെയാണ് സബ്സിഡി ലഭിക്കുന്നതെന്ന് ഉറപ്പാക്കാനാണ് ഈ നടപടി.
എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?
ഏജൻസികൾ വഴിയോ, ഗ്യാസ് വിതരണം ചെയ്യാൻ എത്തുന്ന ജീവനക്കാർ വഴിയോ, കമ്പനികളുടെ ഔദ്യോഗിക മൊബൈൽ ആപ്പുകൾ മുഖേന ഓൺലൈനായോ ഉപഭോക്താക്കൾക്ക് ഇ-കെവൈസി പൂർത്തിയാക്കാം. ഓണ്‍ലൈന്‍ അപ്ഡേഷനായി കമ്പനി ആപ്പും ചിത്രം എടുക്കാനായി ആധാര്‍ ഫെയ്സ് ആര്‍ഡി ആപ്പും ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. സംശയങ്ങൾക്ക് 1800 2333555 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഓൺലൈനായി ഇ-കെവൈസി പൂർത്തിയാക്കുന്നതിനുള്ള വഴികൾ:
- ആപ്പ് ഡൗൺലോഡ് ചെയ്യുക: നിങ്ങളുടെ ഗ്യാസ് കമ്പനിയുടെ (Indane, HP, Bharat Gas) ഔദ്യോഗിക മൊബൈൽ ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്യുക.
- ലോഗിൻ ചെയ്യുക: ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്യുക. ഫോണിൽ ലഭിക്കുന്ന ഒടിപി (OTP) ഉപയോഗിച്ച് നമ്പർ വെരിഫൈ ചെയ്യുക.
- അക്കൗണ്ട് ലിങ്ക് ചെയ്യുക: 16 അക്ക എൽപിജി ഐഡി (LPG ID) നൽകി അക്കൗണ്ട് ലിങ്ക് ചെയ്യുക. ബിപിസിഎൽ (BPCL), എച്ച്പിസിഎൽ (HPCL) ആപ്പുകളിൽ ഇ-കെവൈസി ഓപ്ഷൻ നേരിട്ട് ലഭ്യമാണ്.
- ഇ-കെവൈസി ഓപ്ഷൻ കണ്ടെത്തുക:
- ഇൻഡേൻ ഗ്യാസ്: ‘My Profile’ വിഭാഗത്തിൽ ഇ-കെവൈസി ഓപ്ഷൻ കാണാം.
- ഭാരത് ഗ്യാസ്: ഹോം പേജിൽ തന്നെ ഇ-കെവൈസി ഓപ്ഷൻ ലഭ്യമാണ്.
- എച്ച്പി ഗ്യാസ്: എച്ച്പി പേ ആപ്പിൽ ‘LPG’ സെക്ഷന് കീഴിൽ ഈ ഓപ്ഷൻ കാണാം.
- ഫെയ്‌സ് ഓതന്റിക്കേഷൻ: നിബന്ധനകൾ അംഗീകരിച്ച ശേഷം ആധാർ അധിഷ്ഠിത ഫെയ്‌സ് ഓതന്റിക്കേഷനായി (Face Authentication) സമ്മതം നൽകുക. ഇതിനായി ഫോണിൽ Aadhaar FaceRD എന്ന ആപ്പ് കൂടി ഇൻസ്റ്റാൾ ചെയ്തിരിക്കണം.
- പൂർത്തിയാക്കുക: ‘Face Scan’ ഓപ്ഷൻ തിരഞ്ഞെടുത്ത് ആധാർ ഫെയ്‌സ്ആർഡി ആപ്പ് മുഖേന മുഖം സ്‌കാൻ ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കുക.



